Translate മൊഴിമാറ്റം

Tuesday, May 29, 2012

വെയില്‍പ്പൂക്കള്‍.



 
തലയുടെ ആഴങ്ങളിലേക്ക്‌ വരെ തുളച്ചിറങ്ങുന്ന അസഹ്യമായ ഒരു ദിനം.സൂര്യന്‍ കത്തിത്തീരും വിധം ജ്വലിക്കുന്നു.കമ്പ്യൂട്ടറിലെ ഗയിമുകളും,ബ്ളോഗിങ്ങുമൊക്കെ വിരസമായി തോന്നിയപ്പോള്‍,ഫാനിനു കാറ്റ്‌ പോരെന്നു തോന്നിയപ്പോള്‍ ഞാന്‍ വെറുതെ വരാന്തയില്‍ പോയി ഇരുന്നു. ആ സമയത്താണ്‌ എന്‍റെ  കുടുംബ സുഹൃത്ത്‌ ഞങ്ങളുടെ വീട്ടിലെത്തിയത്‌.വിരസതയ്ക്കൊരന്ത്യമാകട്ടെ എന്നു കരുതി ഞാന്‍ അദ്ദേഹത്തോടൊപ്പം അയാളുടെ വീട്ടിലേക്ക്‌ പോയി.
      
                      കറുത്തു കരിഞ്ഞു നിലമ്പറ്റിക്കിടക്കുന്ന പാറകള്‍,കരിഞ്ഞു പുകപാറുന്ന ഉണക്കപ്പുല്ലുകള്‍,ദാഹജലത്തിനായ്‌ കേഴുന്ന കാക്കകള്‍ ഇവയെയെല്ലാം പിന്നിട്ട്‌ ബൈക്ക്‌ യാത്ര തുടര്‍ന്നു. ഒരു പാറപ്രദെശത്തിന്‍റെ  നടുവിലാണ്‌ അദ്ദേഹത്തിന്‍റെ  വീട്‌.അവിടെ അദ്ദേഹത്തിന്‍റെ  മകനും എന്‍റെ  സമപ്രായക്കാരനുമായ ഒരു കുട്ടിയുണ്ട്‌.അവനോടൊപ്പം സംസാരിച്ചും,ചില പുസ്തകങ്ങള്‍ വായിച്ചും ഞാന്‍ സമയം തള്ളിനീക്കി. ഇലക്ട്രിസിറ്റിക്കാരുടെ വികൃതികള്‍ മുറയ്ക്കു നടക്കുന്നതിനാലോ, ഈയുള്ളവന്‍റെ  രംഗപ്രവേശനം രസിക്കാത്തതിനാലോ എന്തോ കരണ്ട്‌ ആ ഭാഗത്തെങ്ങുമില്ലായിരുന്നു. അങ്ങനെ ചൂടിന്‍റെ  താണ്ഡവമേറ്റും, ഇടയ്ക്ക്‌ കാറ്റിന്‍റെ  കനിവു നല്‍കുന്ന തണുപ്പു രസിച്ചും ഞാന്‍ അങ്ങനെ ഇരിക്കവെയാണ്‌ ദൂരെ നിന്നു രണ്ടു കുഞ്ഞു മുഖങ്ങള്‍ വീടിനെ ലക്ഷ്യമാക്കി വരുന്നത്‌ കണ്ടത്‌.

                 കുറച്ചടുത്തെത്തിയപ്പോള്‍ അവരുടെ മുഖവും വേഷവും കൂടുതല്‍ വ്യക്തമായി.ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും,ഒറ്റനോട്ടത്തില്‍ത്തന്നെ അവര്‍ മലയാളികള്‍ അല്ലെന്നു വ്യക്തം.ആണ്‍കുട്ടിയാണു മൂത്തവന്‍ എന്നു മനസ്സിലായി. എന്‍റെ  സാന്നിധ്യത്തെ തികച്ചും അവഗണിച്ചുകൊണ്ട്‌ അവന്‍ നേരെ വീടിനുള്ളില്‍ക്കയറി എന്‍റെ  കൂട്ടുകാരനോടു ഒരു ഇടറിയ മലയാളത്തില്‍ " അണ്ണാ, കറണ്ട്‌, ഉണ്ടോ? " എന്നുതിരക്കി. "ഇല്ലടാ, ഇന്നു രാവിലെ പോയതാ!" എന്നു പറഞ്ഞുകൊണ്ട്‌ സുഹൃത്ത്‌ ആ സംഭാക്ഷണത്തിനു അന്ത്യം കുറിച്ചു. കറുത്തു വിളറിയ ആ മുഖങ്ങളില്‍ ആ മറുപടി നിരാശ ജനിപ്പിച്ചെന്നു അവരെ നീരിക്ഷിക്കുന്ന ആര്‍ക്കും വ്യക്തമായിരുന്നു.ആണ്‍കുട്ടിയുടെ കൈമുട്ടിനൊപ്പം പൊക്കമുള്ള ആ പെണ്‍കുട്ടി ഒരജ്ഞാതനെപ്പോലെ എന്നെ നോക്കി. ഞാന്‍ ഒന്നു ചിരിച്ചെങ്കിലും തിരിച്ചു യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ആ മുഖവും കുഞ്ഞു കണ്ണുകളുമെല്ലാം ഉച്ച വെയിലില്‍ പഴുത്തുനിന്നു.പെണ്‍കുട്ടിയുടെ കഴുത്തില്‍ ഒരു തുണിക്കഷണം കെട്ടിയിട്ടുണ്ട്‌.വളരെ മുഴിഞ്ഞ ഒന്നായിരുന്നു അത്‌.

                                   എന്നാല്‍ അവളുടെ മുഖത്തില്‍ എന്തോ ഒരു നിഷ്കളങ്കത ജനിപ്പിക്കുന്നതിനാല്‍ എനിക്ക്‌ അതു കൌതുകമായി തോന്നി.ആ കൌതുകത്തിന്‍റെ  ഉടമയോടും അവളുടെ കൊച്ചു ജ്യേഷ്ഠ്നോടും ഞാന്‍ അവരുടെ പേരു ചോദിച്ചു. ആണ്‍കുട്ടി ശക്തി,പെണ്‍കുട്ടി അനഘ.ശക്തി തന്‍റെ  തീരെ ശക്തിയില്ലാത്ത കണ്ണുകള്‍ അവിടവിടെ പായിച്ചുകൊണ്ട്‌ എന്‍റെ  കൂട്ടുകാരന്‍റെ  മൊബൈല്‍ വീഡിയോകള്‍ കൌതുകത്തോടെ വീക്ഷിക്കുകയാണ്‌. സുഹൃത്തിന്‍റെ  പിതാവ്‌ അദ്ദേഹത്തിനു (കന്നഡ ഭാഷ അറിയാമായിരുന്നു)സമീപം പെണ്‍കുട്ടിയെ ഇരുത്തി അവളോട്‌ എന്തെല്ലാമോ ചോദിച്ചു. അവരുടെ സംഭാക്ഷണം രസകരമായിരുന്നതിനാല്‍ ഞാന്‍ അതും ശ്രദ്ദിച്ച്‌ ഇരുന്നു. അവള്‍ വളരെ അപൂര്‍വ്വമായി എന്തെങ്കിലും സംസാരിച്ചു.അതും മലയാളത്തില്‍. ശക്തിയാകട്ടെ അതൊന്നും ശ്രദ്ദിക്കാതെ ബാല്യത്തിന്‍റെ ക്കൌതുകത്തോടെ സംസാരിക്കുകയും,സുഹൃത്തിന്‍റെ മൊബൈല്‍ വിട്ട്‌ എന്‍റെ തിലേക്ക്‌ ചേക്കേറുകയുമൊക്കെ ചെയ്യുന്നുണ്ട്‌.സുഹൃത്തിന്‍റെ  മാതാവാണ്‌ അപ്പോള്‍ അവരുടെ കഥ എന്നോട്‌ പറഞ്ഞത്‌.

                                            ആ കുട്ടികളുടെ മാതാപിതാക്കള്‍ തമിഴ്നാട്ടുകാരാണ്‌.
വിവാഹശേഷമോ മറ്റോ അവര്‍ കര്‍ണ്ണടകയിലേക്ക്‌ കുടിയേറി.ശക്തി മയ്സൂറിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഏഴാം കലാസ്സില്‍ പഠിക്കുന്നു.ആ സമയത്താണ് ജീവിത പ്രാരാബ്ദങ്ങളും പേറി ആ കൊച്ചു കുടുംബം കേരളത്തില്‍ ജോലി തേടി എത്തുന്നത്‌.അതിനാല്‍ അനഘയ്ക്ക്‌ മലയാളം സ്കൂളില്‍ ഒന്നാം ക്ളസ്സില്‍ ചേരേണ്ടി വന്നു. അവരുടെ വീടിനു സമീപത്തുള്ള ഒരു കരിങ്കല്‍ ട്രഷറില്‍ ഡ്രൈവറായി തുഛമായ ശമ്പളത്തിനു അവരുടെ പിതാവ്‌ ജോലി ചെയ്യുകയും മയ്സ്സൂറില്‍ പഠിക്കുന്ന ശക്തിയുടെ കാര്യങ്ങളും,അവണ്റ്റെ അനിയണ്റ്റെയും ,അനഘയുടേയും കാര്യങ്ങള്‍നടത്തിക്കുകയും ചെയ്തു. മൂന്നു കുട്ടികളെക്കൂടാതെ എല്ലു സംബന്ധമായ പ്രശ്നങ്ങളുള്ള ഭാര്യയുടെ ചികിത്സയും അയാള്‍ ഏറ്റെടുക്കേണ്ടി വന്നു.എങ്കിലും ആ ചെറിയ ജീവിതത്തില്‍ അവര്‍ സ്വപ്നങ്ങള്‍ ചിട്ടപ്പെടുത്തി. അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടികളുടെ അഛന്‍ അത്യാവശ്യമായി നാട്ടില്‍ പോയി. വേഗം തിരിച്ചു വരാനുള്ള അയാളുടെ കണക്കുകൂട്ടലുകള്‍ക്കു മീതെ ഒരു പകര്‍ച്ചവ്യാധി മേഞ്ഞുനടന്നു.അത്‌ അയാളിലെ ശേഷിക്കുന്ന പച്ചത്തുമ്പുകള്‍പ്പോലും കടിച്ചെടുത്തു.അങ്ങനെ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അയാള്‍ വീണ്ടും കേരളത്തിലെത്തിയപ്പോള്‍ അയാളറിഞ്ഞത്‌ തന്‍റെ  ജോലി മറ്റൊരാള്‍ ചെയ്യുന്നതാണ്‌. സ്ഥാപനത്തിന്‍റെ  അധികാരികള്‍ അയാളെ നിരാശിപ്പിക്കും വിധം സംസാരിക്കുകയും,അകെ അഞ്ഞൂറു രൂപ ശമ്പളത്തിന്‍റെ  പകുതി മാത്രം നല്‍കാമെന്നും പറഞ്ഞു.ഒരു വാഹനത്തിനു രണ്ടു ഡ്രൈവര്‍മാര്‍,അവരുടെ ശമ്പളവും ഭാഗിക്കുക,ആ തുഛമായ തുകയില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നു മനസ്സിലായ അയാള്‍ പിനീട്‌ പലരുടേയും കെണികളില്‍ വീണു.ഒടുവില്‍ അയാള്‍ ഒരു ജോലി കണ്ടെത്തി. തങ്ങളുടേ ചെറ്റക്കുടിലും രോഗിണിയായ ഭാര്യയും കുട്ടികളുമൊക്കെയായി മറ്റൊരിടത്തേക്ക്‌ മാറി. കഴുത്തറുക്കുന്ന ആ  വീട്ടു വാടകയും, മക്കളുടെ പഠിപ്പും, ഭാര്യയുടെ ചികിത്സയുമൊക്കെയായി അയാള്‍ അന്നും എവിടെയൊക്കയോ പാഞ്ഞു നടക്കുന്നു.

                                   ഇതാണ്‌ ആ കുട്ടികളേക്കുറിച്ച്‌ ഞാന്‍ അറിയാന്‍ ഇടയായ പശ്ച്ചാത്തലം. ഈ കഥയൊക്കെ ഞാന്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഉള്ളില്‍ നിന്നും മനോഹരവും, ശോകാര്‍ദ്രവുമായ ഒരു പാട്ടു കേട്ടു. ശക്തിയാണ്‌ ഗാനത്തിന്‍റെ  ഉറവിടം. അവണ്റ്റെ പാട്ടില്‍ തീരെ താത്പര്യം കാട്ടാതെ സ്വതസിദ്ദമായ നിഷ്കളങ്കതയും പേറി അനഘ അരികത്തിരിക്കുന്നു.പാട്ടു കഴിഞ്ഞപ്പോള്‍ സുഹൃത്തിന്‍റെ  അമ്മ പറഞ്ഞു."ശക്തി പഠിക്കാനും വളരെ മിടുക്കനാണ്‌. "അതവനെ ആനന്ദിപ്പിച്ചു എന്നു തോന്നുന്നു. എന്നാല്‍ ഭാവിയേക്കുറിച്ച്‌ ആശങ്കകളില്ലാത്ത ആ മുഖത്ത്‌ എന്തെല്ലാമോ മിന്നിമറഞ്ഞു. ചൂട്‌ വീണ്ടും കൂടുകയാണ്‌.... "അണ്ണാ,നങ്ങളു പോയി" എന്നു പറഞ്ഞുകൊണ്ടു ശക്തി കുഞ്ഞനുജത്തിയുടെ കൈയ്യും പിടിച്ച്‌ മുറ്റത്തേക്കിറങ്ങി.

                                  ഞാന്‍ അവരേ നോക്കി ഒന്നു ചിരിച്ചു :"പോകുവാണോ?" എന്നു ചോദിച്ചു. ശക്തി തന്‍റെ  നുണക്കുഴികാട്ടി ചിരിച്ചുകൊണ്ട്‌ അതെയെന്ന് തലയാട്ടിക്കൊണ്ടു മുന്നില്‍ നടന്നു. അനഘ നിഷ്കളങ്കമായ കണ്ണുമായി ശക്തി പിന്നിട്ടുപോയ ചൂടു പാറുന്ന പാറകളില്‍ നഗ്നമായ കാലു ചവിട്ടിക്കൊണ്ട്‌ നടന്നകന്നു. അവര്‍ ഉച്ചവെയില്‍ തിളയ്ക്കുന്ന സമതലത്തിന്‍റെ  സീമയില്‍ ഒരു ബിന്ദുവായ്‌ മറയുന്നതും നോക്കി ഞാന്‍ നിന്നു. എന്‍റെ  മനസ്സില്‍ എന്തോ ഒരു വിഷമം അനുഭവപ്പെട്ടു.അവരുടെ സാഹചര്യങ്ങളോര്‍ത്തോ, സഹായിക്കാനാവില്ല എന്ന ബോധം സൃഷ്ടിക്കുന്ന കുറ്റ ബോധത്തില്‍ നിന്നാണോ ആ വിഷമം വന്നത്‌ എന്ന് എനിക്കപ്പോഴും ഇപ്പോഴും അറിയില്ല.

                          ഇപ്പോള്‍ ഞാന്‍ അവരുടെ ഈ കഥ ബ്ളോഗിലേക്കു പകര്‍ത്തുമ്പോള്‍ പുറത്ത്‌ നല്ല കാറ്റു വീശുന്നുണ്ട്‌. പകലത്തെ ചൂടിന്‌ പകരമാവാന്‍ അത്‌ പോരെന്ന് എനിക്കു തോന്നുന്നു.രാത്രി ഏറെ കനത്തിരിക്കുന്നു. ഇപ്പോള്‍ ആ ബാല്യമുഖങ്ങള്‍ ഭാവിയുടെ ആകുലതകളില്ലാതെ ഉറങ്ങുകയായിരിക്കുമോ? അതോ എന്തിനെയൊ കാത്ത്‌ അവരുടെ കണ്ണൂ പിടയ്ക്കുകയാവുമോ? ഉത്തരങ്ങളില്ലാത്ത സഹമനുഷ്യനേക്കുറിച്ചുള്ള ചോദ്യങ്ങളുമായി ഞാനും മയങ്ങി വീഴുകയാണ്‌........ നാലു കണ്ണുകള്‍,..ചൂട്‌....., നഗ്നമായ കാലുകള്‍.......... ശൂന്യം......ശൂന്യം......

ഉത്തരാധുനീകതയില്‍ ഒരു ഉറക്കം.



ഉറക്കം എന്നും നമ്മളില്‍ നിന്നും മോഷ്ടിക്കുന്നു.
പകല്‍ വെളിച്ചത്തിന്‍ കൊടും ക്രൂരതകള്‍,
ഗുല്‍മോഹര്‍ പൂക്കുന്ന കണ്ണുകളിലെ രൌദ്രം,
കത്തിമുനയിലുറങ്ങുന്ന ആകാശക്കീറുകള്‍,
മലയരിയുവാന്‍ കാച്ചി വച്ച വാളുകള്‍.
 നനഞ്ഞ മണ്ണിനോടുള്ള അടങ്ങാത്ത ശത്രുത...
ഹോ, എന്തെല്ലാമാണ്‌ ഉറക്കം കൊണ്ടുപോകുന്നത്‌.
ഉറങ്ങുമ്പോള്‍ വൃത്തികെട്ട പുഞ്ചിരി അല്ലാതെന്തുണ്ട്‌?

പകല്‍ വിരിയട്ടെ നാമപ്പോള്‍ ഉന്‍മേഷവാന്‍മാരാവുന്നു.
കൊടും ക്രൂരതകള്‍ കാറ്റില്‍ ലയിക്കുന്നു
കത്തിമുനകളില്‍ ഗുല്‍മോഹര്‍ പൂക്കുന്നു.
അക്ഷരങ്ങളുടെ കഴുത്തു ഞെരിക്കുന്നു.
മലയുടെ നെഞ്ചുകീറാനുള്ള കൊതി തുടിക്കുന്നു.
 അതെ, തീര്‍ച്ചയായും ഉണര്‍വാണ്‌ നല്ലത്‌!
അതു നമ്മിലെ മനുഷ്യത്വം മോഷ്ടിക്കുന്നില്ല.
കാട്ടാളതയുടെ മുഖം മുറിപ്പെടുത്തുന്നില്ല
പിശാചിന്‍റെ കോമ്പല്ലു തകര്‍ക്കുന്നില്ല.
 ഉത്തരാധുനീകതയില്‍ ഉണര്‍വാണ്‌ നല്ലത്‌.

Wednesday, May 16, 2012

പുതിയ വിദ്യാര്‍ഥി.



അഞ്ചു വട്ടം കരഞ്ഞ അലാറത്തെ പ്രാകി,
കൂട്ടുകാരനെ കൊന്നോന്‍ മുഖം പത്രത്തില്‍ ദര്‍ശിച്ച്‌,
മൊബൈല്‍ മെസേജുകളുടെ ചന്തം നുകര്‍ന്ന്‌,
തുടങ്ങുകയാണെന്‍ പുതിയ ദിനങ്ങള്‍.

ജെല്ലു തേച്ച്‌ മുടിയും , മനസ്സും കടുപ്പിച്ച്‌,
കൂട്ടുകാരിക്കാസ്വദിക്കാനൊരു സ്പ്രേയില്‍ കുളിച്ച്‌,
മറ്റാരും പ്രദര്‍ശിപ്പിക്കാത്ത കുപ്പായം ധരിച്ച്‌,
 മറ്റാര്‍ക്കും നല്‍കാതെ ബസ്സിന്‍റെ സീറ്റിലുറച്ച്‌,
തുടങ്ങുകയാണെന്‍റെ പുതിയ യാത്രകള്‍.

സ്കൂള്‍ വഴിയരികില്‍ കണ്ട മുഖമതേതാണ്‌?
പരിചയം തോന്നുന്ന ചിരിയതേതാണ്‌. ?
ഫേസ്‌ ബുക്കു താളുകള്‍ പരതി ഞാന്‍ കണ്ടെത്തി.
ഓഹ്‌.. ഇതെന്‍റെ പ്രിയപ്പെട്ട ചങ്ങാതിയല്ലേ!
ചങ്ങാതിക്കൊരു ചിരി നല്‍കി,കീശയിലിറങ്ങി,

ഗുല്‍മോഹര്‍ പൂക്കളുതിര്‍ന്നു വൃത്തികേടായ,
പ്ളാസ്റ്റിക്കു കൂടുകള്‍ വര്‍ണ്ണം വിടര്‍ത്തുന്ന,
വിദ്യാലയത്തിന്‍റെ ഇടവേള വഴിയും കടന്ന്‌,

കോണ്‍ക്രീറ്റു റൂമിലൊരു ഇരിപ്പിടം കണ്ടെത്തി,
കാത്തിരിക്കുന്നു ഞാന്‍ പുതിയ ലോകത്തില്‍..
പുതിയ വിദ്യാര്‍ഥിയാകുവാന്‍ ഋതുക്കളും കാത്ത്‌...

Friday, May 4, 2012

നുണ.




കുഞ്ഞുങ്ങളുടെ നുണയില്‍ രസമില്ലേ?
മുത്തശ്ശിക്കഥയും നുണയല്ലേ?
ആധികാരിക നുണയല്ലേ ഐതീഹ്യങ്ങള്‍?
നുണയില്ലെങ്കില്‍ ഗുന്നര്‍ ഗ്രാസും-
തകരച്ചെണ്ടയുമുണ്ടോ?
നാളേയ്ക്കായി നുണക്കഥ പറയാന്‍
റേച്ചല്‍ കഴ്സനാവുമോ?
ചോദ്യങ്ങള്‍ നെടുനീളെ ശേഷിക്കുമ്പോള്‍
നുണക്കുഴിക്കുഞ്ഞുങ്ങള്‍ ജനിക്കുന്നു.
ഉള്ളിലൊരല്‍പം നുണയോടെ....
ആവര്‍ത്തന ചോദ്യം:
"എല്ലാ നുണയും തെറ്റാണോ?
"തെറ്റെല്ലാം നുണയാണോ?...
നല്ല നുണ എന്നൊന്നുണ്ടോ?..
ആവോ?........ ആര്‍ക്കറിയാം. !

പഴയ നിറങ്ങള്‍

നിലാവിന്‍ വെളുപ്പെനിക്കെന്നു ഞാന്‍.
അല്ല- കടലിന്‍ നീലിമയെന്നവള്‍.
ഞാന്‍ തകര്‍ത്ത കളര്‍ പെന്‍സിലുകാരന്‍
കരിയുടെ കറുപ്പാണെനിക്കെന്നു ചൊല്ലി.

തണുത്ത പുലരിയില്‍ നരച്ച താടി തടവി
അകലുന്ന കര്‍ങ്കാക്കകളെ കണി കണ്ടുണരവെ
ഞാന്‍ ഓര്‍ത്തതത്രയും പഴയ നിറങ്ങളാണ്‌.
അവര്‍ തന്ന വര്‍ണ്ണങ്ങളത്രയുമാണ്‌.......

പഴയ കറുപ്പും,നീലയും,വെളുപ്പും
എന്നില്‍ നീറിപ്പുകയവെ, അന്തിക്കാറ്റു പറഞ്ഞു:
"നീയെന്നും സായംസന്ധ്യയുടെ ചുമപ്പാണ്‌.
" മരണത്തിനായി നീക്കിയ നിറം തിരഞ്ഞുകൊണ്ട്‌
കളര്‍ കോപ്പകളിലൂടെ ഞാന്‍ ഇത്രനാള്‍ അലഞ്ഞു.

      ചിരിക്കാനറിയാത്ത ക്യാന്‍വാസില്‍
        നിറയെ പടര്‍ന്നു തുടങ്ങിയ നിറങ്ങളെ നോക്കി
നീറുന്ന നെഞ്ചില്‍ ചായം മുക്കി അന്നു-
അന്നൊരിക്കല്‍ ഞാന്‍ വരച്ച ചിത്രമാണത്‌.
അസ്തമയ സൂര്യന്‍റെ ചിത്രം.അതൊന്നു മാത്രം...

മരണക്കിടക്കയില്‍ക്കിടന്നു നരച്ച കണ്ണുകള്‍
പാതി മാത്രം മേല്‍പ്പോട്ടുയര്‍ത്തവേ-
കറുപ്പും,നീലയും,ചുമപ്പും മാത്രമായിരുന്നു ചുറ്റും.
അവര്‍ മാത്രമായിരുന്നു എനിക്കു ചുറ്റും.............

കവിത നിറഞ്ഞ പാതകള്‍...




അന്നു വഴിയരികില്‍ വച്ചാണ്‌ നിന്നെ ഞാനാദ്യം കണ്ടത്‌.
നീ അന്നെത്ര സുന്ദരിയായിരുന്നു.
തടിച്ചു നരച്ച കണ്ണടയിട്ട മാഷു പറഞ്ഞു:
"കവിതയ്ക്ക്‌ ഈണവും, താളവും വേണം. -
കവിതയ്ക്ക്‌ ബോധവും, പ്രാസവും വേണം. "
അന്നു തിരികെ ഞാന്‍ മടങ്ങുമ്പോള്‍ നിന്നോട്‌ ചിരിച്ചില്ല.
നീയെനിക്കു ചേര്‍ന്നവളല്ല എന്ന തോന്നല്‍-
 അത്‌ കരിങ്കാക്കകളായി എനിക്കു വട്ടം പറന്നു.
 പക്ഷേ എന്നെ തടഞ്ഞു നിര്‍ത്തി നീ ചോദിച്ചതോര്‍ക്കുന്നുവോ?
"നിനക്കു താളവും ബോധവും ഉണ്ടോ?,..
ജീവിതത്തില്‍ പ്രാസം നിറഞ്ഞ പാതകള്‍ ഉണ്ടോ?... "
 -"ഇല്ല" എന്ന എന്‍റെ ഉത്തരങ്ങളും നിæa കണ്ണീരും
ചെമ്പകപ്പൂക്കളുടെമേല്‍ ഉടഞ്ഞു വീണപ്പോഴാണ്‌-നിന്നെയെനിക്കേറെയിഷ്ടമായത്‌,നീയെæa സഖിയായത്‌....


Thursday, May 3, 2012

ഹൃദയനഷ്ടം.



.....അന്ന്‌.....

മുറ്റത്തു മുല്ലപ്പൂക്കളൊത്തു കളിക്കുന്ന കുട്ടിയെ
കമ്പ്യൂട്ടര്‍ മാടിവിളിച്ചു.
അവന്‍റെ വിടര്‍ന്ന കണ്ണിനു മുന്നില്‍
 കമ്പ്യൂട്ടര്‍മുല്ലപ്പൂന്തോട്ടം വിടര്‍ത്തി.
 കുട്ടി തൊട്ടു നോക്കി,മണത്തു നോക്കി,
പിന്നെപ്പറഞ്ഞു: "ഇതിനു മണവും സ്പര്‍ശനവും എവിടെ"?
കമ്പ്യൂട്ടര്‍ തലതാഴ്ത്തി.മോണിറ്റര്‍ മങ്ങി.
 കുട്ടി വീണ്ടും മുല്ലയിലേക്ക്‌ മടങ്ങി.


.....ഇന്ന്‌.....

മുല്ലപ്പൂവിന്‍റെ ചിത്രം നോക്കിയിരുന്ന കുട്ടിയെ
ഇണ്റ്റര്‍നെറ്റ്‌ ചൂടിയ കമ്പ്യൂട്ടര്‍ മാടി വിളിച്ചു.
സൂപ്പര്‍ കമ്പ്യൂട്ടര്‍ അവനു മുന്നില്‍ ഒരായിരം മണവും,വലുപ്പവും,സ്പര്‍ശനവും ഉള്ള-
ത്രീഡി തോട്ടത്തിലെ മുല്ലപ്പൂ കാട്ടി.
"ഇഷ്ടായോ" കമ്പ്യൂട്ടര്‍ സ്പീക്കറനക്കി.
"ഇല്ല" കുട്ടി മിഴിച്ചിരുന്ന്‌ ഉത്തരമരുളി.
"എന്തേ, മണമില്ലേ?" കമ്പ്യൂട്ടര്‍ ചോദിച്ചു.
 "മണമുണ്ട്‌ പക്ഷേ, ആസ്വദിക്കേണ്ട ഹൃദയമെവിടെ?"
കുട്ടി അതും പറഞ്ഞ്‌ ഇ-ഷോപ്പിങ്ങിനിറങ്ങി.
കമ്പ്യൂട്ടര്‍ മൂകമായി,ചിന്താമഗ്നനായുറങ്ങി.
അപ്പോള്‍ മുന്‍ഗാമികളുടെ തട്ടുംപുരയില്‍ നിന്നെങ്ങോ
 മാറാലക്കെട്ടുകള്‍ ഭേദിച്ച്‌ ഒരു പഴയ-ചാരുകസേര പറഞ്ഞു:
"ഹൃദയനഷ്ടം ഇന്നൊരു സമകാലീന പ്രശ്നമാണ്‌. "

Wednesday, May 2, 2012

വീണ്ടുമൊരു കാത്തിരിപ്പ്‌...

ഒരു കവിതയെഴുതുവാന്‍ ഞാന്‍ ഏറെ ശ്രമിച്ചു.
 കുത്തിക്കുറിക്കലും ചുരുട്ടിക്കൂട്ടലും മാത്രമായിരുന്നു ഫലം.
 കണ്ണു ചുമന്ന,നെഞ്ചു കലങ്ങിയ ഒരു രാത്രിയില്‍ പൂനിലാവേറ്റ്‌
 രാത്രിമഴ നനഞ്ഞ്‌,നരിച്ചീറിന്‍റെ അപശബ്ദവും പിന്നിട്ട്‌
മനം മടുപ്പിക്കുന്ന ആലസ്യമായി അവള്‍ വന്നു.
വിയര്‍ത്തു കുതിര്‍ന്ന കൈയ്യിലെങ്ങും ഒരു തൂലിക തടയാതെ...
 അവളെ സ്വീകരിച്ചിരുത്താനൊരു കടലാസു കാണാതെ....
കലങ്ങിയ കണ്ണുമായി ഞാന്‍ നിന്നു.
ഒടുവിലെന്‍റെ  ഇടനെഞ്ചു ഞാന്‍ തുറന്നു,അവിടെയതു കോറി.
ഇറ്റു വീഴുന്ന രക്തത്തുള്ളികള്‍ കൊലുകൊലുന്നനെ ചിരിച്ചുവോ? പിറ്റേന്നു മുല്ല വള്ളിയോട്‌ കാറ്റു ചോദിച്ചു:"അവന്‍റെ കവിതയെവിടെ"? തുളസിയാണുത്തരം പറഞ്ഞത്‌:"അത്‌ എങ്ങോ പോയ്മറഞ്ഞു"!
ഒരു ഞെട്ടലോടെ ഞാന്‍ എന്‍റെ  ചങ്കു പരതി.
പിന്നെ വിറയാര്‍ന്ന ചുണ്ടും ഏറ്റു പറഞ്ഞു:"സത്യം"!
 കണ്ണൂ ചുമന്ന,നെഞ്ചു കലങ്ങിയ,നരിച്ചീറു കീറുന്നമറ്റൊരു രാത്രിയില്‍ പൂനിലാവില്‍ നോക്കി പേന വിതുമ്പി. "ഇന്നവള്‍ വരുമോ?"
 പേനയുടെ ഇടറിയ നാദം എന്നേത്തൊട്ടു.
"എനിക്കറിയില്ല" ഞാന്‍ തിരിഞ്ഞു കിടന്നു
പേന കൈയ്യിലമര്‍ത്തി,നനഞ്ഞ കണ്ണു തുടയ്ക്കാതെ.......