Translate മൊഴിമാറ്റം

Tuesday, May 29, 2012

വെയില്‍പ്പൂക്കള്‍.



 
തലയുടെ ആഴങ്ങളിലേക്ക്‌ വരെ തുളച്ചിറങ്ങുന്ന അസഹ്യമായ ഒരു ദിനം.സൂര്യന്‍ കത്തിത്തീരും വിധം ജ്വലിക്കുന്നു.കമ്പ്യൂട്ടറിലെ ഗയിമുകളും,ബ്ളോഗിങ്ങുമൊക്കെ വിരസമായി തോന്നിയപ്പോള്‍,ഫാനിനു കാറ്റ്‌ പോരെന്നു തോന്നിയപ്പോള്‍ ഞാന്‍ വെറുതെ വരാന്തയില്‍ പോയി ഇരുന്നു. ആ സമയത്താണ്‌ എന്‍റെ  കുടുംബ സുഹൃത്ത്‌ ഞങ്ങളുടെ വീട്ടിലെത്തിയത്‌.വിരസതയ്ക്കൊരന്ത്യമാകട്ടെ എന്നു കരുതി ഞാന്‍ അദ്ദേഹത്തോടൊപ്പം അയാളുടെ വീട്ടിലേക്ക്‌ പോയി.
      
                      കറുത്തു കരിഞ്ഞു നിലമ്പറ്റിക്കിടക്കുന്ന പാറകള്‍,കരിഞ്ഞു പുകപാറുന്ന ഉണക്കപ്പുല്ലുകള്‍,ദാഹജലത്തിനായ്‌ കേഴുന്ന കാക്കകള്‍ ഇവയെയെല്ലാം പിന്നിട്ട്‌ ബൈക്ക്‌ യാത്ര തുടര്‍ന്നു. ഒരു പാറപ്രദെശത്തിന്‍റെ  നടുവിലാണ്‌ അദ്ദേഹത്തിന്‍റെ  വീട്‌.അവിടെ അദ്ദേഹത്തിന്‍റെ  മകനും എന്‍റെ  സമപ്രായക്കാരനുമായ ഒരു കുട്ടിയുണ്ട്‌.അവനോടൊപ്പം സംസാരിച്ചും,ചില പുസ്തകങ്ങള്‍ വായിച്ചും ഞാന്‍ സമയം തള്ളിനീക്കി. ഇലക്ട്രിസിറ്റിക്കാരുടെ വികൃതികള്‍ മുറയ്ക്കു നടക്കുന്നതിനാലോ, ഈയുള്ളവന്‍റെ  രംഗപ്രവേശനം രസിക്കാത്തതിനാലോ എന്തോ കരണ്ട്‌ ആ ഭാഗത്തെങ്ങുമില്ലായിരുന്നു. അങ്ങനെ ചൂടിന്‍റെ  താണ്ഡവമേറ്റും, ഇടയ്ക്ക്‌ കാറ്റിന്‍റെ  കനിവു നല്‍കുന്ന തണുപ്പു രസിച്ചും ഞാന്‍ അങ്ങനെ ഇരിക്കവെയാണ്‌ ദൂരെ നിന്നു രണ്ടു കുഞ്ഞു മുഖങ്ങള്‍ വീടിനെ ലക്ഷ്യമാക്കി വരുന്നത്‌ കണ്ടത്‌.

                 കുറച്ചടുത്തെത്തിയപ്പോള്‍ അവരുടെ മുഖവും വേഷവും കൂടുതല്‍ വ്യക്തമായി.ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും,ഒറ്റനോട്ടത്തില്‍ത്തന്നെ അവര്‍ മലയാളികള്‍ അല്ലെന്നു വ്യക്തം.ആണ്‍കുട്ടിയാണു മൂത്തവന്‍ എന്നു മനസ്സിലായി. എന്‍റെ  സാന്നിധ്യത്തെ തികച്ചും അവഗണിച്ചുകൊണ്ട്‌ അവന്‍ നേരെ വീടിനുള്ളില്‍ക്കയറി എന്‍റെ  കൂട്ടുകാരനോടു ഒരു ഇടറിയ മലയാളത്തില്‍ " അണ്ണാ, കറണ്ട്‌, ഉണ്ടോ? " എന്നുതിരക്കി. "ഇല്ലടാ, ഇന്നു രാവിലെ പോയതാ!" എന്നു പറഞ്ഞുകൊണ്ട്‌ സുഹൃത്ത്‌ ആ സംഭാക്ഷണത്തിനു അന്ത്യം കുറിച്ചു. കറുത്തു വിളറിയ ആ മുഖങ്ങളില്‍ ആ മറുപടി നിരാശ ജനിപ്പിച്ചെന്നു അവരെ നീരിക്ഷിക്കുന്ന ആര്‍ക്കും വ്യക്തമായിരുന്നു.ആണ്‍കുട്ടിയുടെ കൈമുട്ടിനൊപ്പം പൊക്കമുള്ള ആ പെണ്‍കുട്ടി ഒരജ്ഞാതനെപ്പോലെ എന്നെ നോക്കി. ഞാന്‍ ഒന്നു ചിരിച്ചെങ്കിലും തിരിച്ചു യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ആ മുഖവും കുഞ്ഞു കണ്ണുകളുമെല്ലാം ഉച്ച വെയിലില്‍ പഴുത്തുനിന്നു.പെണ്‍കുട്ടിയുടെ കഴുത്തില്‍ ഒരു തുണിക്കഷണം കെട്ടിയിട്ടുണ്ട്‌.വളരെ മുഴിഞ്ഞ ഒന്നായിരുന്നു അത്‌.

                                   എന്നാല്‍ അവളുടെ മുഖത്തില്‍ എന്തോ ഒരു നിഷ്കളങ്കത ജനിപ്പിക്കുന്നതിനാല്‍ എനിക്ക്‌ അതു കൌതുകമായി തോന്നി.ആ കൌതുകത്തിന്‍റെ  ഉടമയോടും അവളുടെ കൊച്ചു ജ്യേഷ്ഠ്നോടും ഞാന്‍ അവരുടെ പേരു ചോദിച്ചു. ആണ്‍കുട്ടി ശക്തി,പെണ്‍കുട്ടി അനഘ.ശക്തി തന്‍റെ  തീരെ ശക്തിയില്ലാത്ത കണ്ണുകള്‍ അവിടവിടെ പായിച്ചുകൊണ്ട്‌ എന്‍റെ  കൂട്ടുകാരന്‍റെ  മൊബൈല്‍ വീഡിയോകള്‍ കൌതുകത്തോടെ വീക്ഷിക്കുകയാണ്‌. സുഹൃത്തിന്‍റെ  പിതാവ്‌ അദ്ദേഹത്തിനു (കന്നഡ ഭാഷ അറിയാമായിരുന്നു)സമീപം പെണ്‍കുട്ടിയെ ഇരുത്തി അവളോട്‌ എന്തെല്ലാമോ ചോദിച്ചു. അവരുടെ സംഭാക്ഷണം രസകരമായിരുന്നതിനാല്‍ ഞാന്‍ അതും ശ്രദ്ദിച്ച്‌ ഇരുന്നു. അവള്‍ വളരെ അപൂര്‍വ്വമായി എന്തെങ്കിലും സംസാരിച്ചു.അതും മലയാളത്തില്‍. ശക്തിയാകട്ടെ അതൊന്നും ശ്രദ്ദിക്കാതെ ബാല്യത്തിന്‍റെ ക്കൌതുകത്തോടെ സംസാരിക്കുകയും,സുഹൃത്തിന്‍റെ മൊബൈല്‍ വിട്ട്‌ എന്‍റെ തിലേക്ക്‌ ചേക്കേറുകയുമൊക്കെ ചെയ്യുന്നുണ്ട്‌.സുഹൃത്തിന്‍റെ  മാതാവാണ്‌ അപ്പോള്‍ അവരുടെ കഥ എന്നോട്‌ പറഞ്ഞത്‌.

                                            ആ കുട്ടികളുടെ മാതാപിതാക്കള്‍ തമിഴ്നാട്ടുകാരാണ്‌.
വിവാഹശേഷമോ മറ്റോ അവര്‍ കര്‍ണ്ണടകയിലേക്ക്‌ കുടിയേറി.ശക്തി മയ്സൂറിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഏഴാം കലാസ്സില്‍ പഠിക്കുന്നു.ആ സമയത്താണ് ജീവിത പ്രാരാബ്ദങ്ങളും പേറി ആ കൊച്ചു കുടുംബം കേരളത്തില്‍ ജോലി തേടി എത്തുന്നത്‌.അതിനാല്‍ അനഘയ്ക്ക്‌ മലയാളം സ്കൂളില്‍ ഒന്നാം ക്ളസ്സില്‍ ചേരേണ്ടി വന്നു. അവരുടെ വീടിനു സമീപത്തുള്ള ഒരു കരിങ്കല്‍ ട്രഷറില്‍ ഡ്രൈവറായി തുഛമായ ശമ്പളത്തിനു അവരുടെ പിതാവ്‌ ജോലി ചെയ്യുകയും മയ്സ്സൂറില്‍ പഠിക്കുന്ന ശക്തിയുടെ കാര്യങ്ങളും,അവണ്റ്റെ അനിയണ്റ്റെയും ,അനഘയുടേയും കാര്യങ്ങള്‍നടത്തിക്കുകയും ചെയ്തു. മൂന്നു കുട്ടികളെക്കൂടാതെ എല്ലു സംബന്ധമായ പ്രശ്നങ്ങളുള്ള ഭാര്യയുടെ ചികിത്സയും അയാള്‍ ഏറ്റെടുക്കേണ്ടി വന്നു.എങ്കിലും ആ ചെറിയ ജീവിതത്തില്‍ അവര്‍ സ്വപ്നങ്ങള്‍ ചിട്ടപ്പെടുത്തി. അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടികളുടെ അഛന്‍ അത്യാവശ്യമായി നാട്ടില്‍ പോയി. വേഗം തിരിച്ചു വരാനുള്ള അയാളുടെ കണക്കുകൂട്ടലുകള്‍ക്കു മീതെ ഒരു പകര്‍ച്ചവ്യാധി മേഞ്ഞുനടന്നു.അത്‌ അയാളിലെ ശേഷിക്കുന്ന പച്ചത്തുമ്പുകള്‍പ്പോലും കടിച്ചെടുത്തു.അങ്ങനെ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അയാള്‍ വീണ്ടും കേരളത്തിലെത്തിയപ്പോള്‍ അയാളറിഞ്ഞത്‌ തന്‍റെ  ജോലി മറ്റൊരാള്‍ ചെയ്യുന്നതാണ്‌. സ്ഥാപനത്തിന്‍റെ  അധികാരികള്‍ അയാളെ നിരാശിപ്പിക്കും വിധം സംസാരിക്കുകയും,അകെ അഞ്ഞൂറു രൂപ ശമ്പളത്തിന്‍റെ  പകുതി മാത്രം നല്‍കാമെന്നും പറഞ്ഞു.ഒരു വാഹനത്തിനു രണ്ടു ഡ്രൈവര്‍മാര്‍,അവരുടെ ശമ്പളവും ഭാഗിക്കുക,ആ തുഛമായ തുകയില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നു മനസ്സിലായ അയാള്‍ പിനീട്‌ പലരുടേയും കെണികളില്‍ വീണു.ഒടുവില്‍ അയാള്‍ ഒരു ജോലി കണ്ടെത്തി. തങ്ങളുടേ ചെറ്റക്കുടിലും രോഗിണിയായ ഭാര്യയും കുട്ടികളുമൊക്കെയായി മറ്റൊരിടത്തേക്ക്‌ മാറി. കഴുത്തറുക്കുന്ന ആ  വീട്ടു വാടകയും, മക്കളുടെ പഠിപ്പും, ഭാര്യയുടെ ചികിത്സയുമൊക്കെയായി അയാള്‍ അന്നും എവിടെയൊക്കയോ പാഞ്ഞു നടക്കുന്നു.

                                   ഇതാണ്‌ ആ കുട്ടികളേക്കുറിച്ച്‌ ഞാന്‍ അറിയാന്‍ ഇടയായ പശ്ച്ചാത്തലം. ഈ കഥയൊക്കെ ഞാന്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഉള്ളില്‍ നിന്നും മനോഹരവും, ശോകാര്‍ദ്രവുമായ ഒരു പാട്ടു കേട്ടു. ശക്തിയാണ്‌ ഗാനത്തിന്‍റെ  ഉറവിടം. അവണ്റ്റെ പാട്ടില്‍ തീരെ താത്പര്യം കാട്ടാതെ സ്വതസിദ്ദമായ നിഷ്കളങ്കതയും പേറി അനഘ അരികത്തിരിക്കുന്നു.പാട്ടു കഴിഞ്ഞപ്പോള്‍ സുഹൃത്തിന്‍റെ  അമ്മ പറഞ്ഞു."ശക്തി പഠിക്കാനും വളരെ മിടുക്കനാണ്‌. "അതവനെ ആനന്ദിപ്പിച്ചു എന്നു തോന്നുന്നു. എന്നാല്‍ ഭാവിയേക്കുറിച്ച്‌ ആശങ്കകളില്ലാത്ത ആ മുഖത്ത്‌ എന്തെല്ലാമോ മിന്നിമറഞ്ഞു. ചൂട്‌ വീണ്ടും കൂടുകയാണ്‌.... "അണ്ണാ,നങ്ങളു പോയി" എന്നു പറഞ്ഞുകൊണ്ടു ശക്തി കുഞ്ഞനുജത്തിയുടെ കൈയ്യും പിടിച്ച്‌ മുറ്റത്തേക്കിറങ്ങി.

                                  ഞാന്‍ അവരേ നോക്കി ഒന്നു ചിരിച്ചു :"പോകുവാണോ?" എന്നു ചോദിച്ചു. ശക്തി തന്‍റെ  നുണക്കുഴികാട്ടി ചിരിച്ചുകൊണ്ട്‌ അതെയെന്ന് തലയാട്ടിക്കൊണ്ടു മുന്നില്‍ നടന്നു. അനഘ നിഷ്കളങ്കമായ കണ്ണുമായി ശക്തി പിന്നിട്ടുപോയ ചൂടു പാറുന്ന പാറകളില്‍ നഗ്നമായ കാലു ചവിട്ടിക്കൊണ്ട്‌ നടന്നകന്നു. അവര്‍ ഉച്ചവെയില്‍ തിളയ്ക്കുന്ന സമതലത്തിന്‍റെ  സീമയില്‍ ഒരു ബിന്ദുവായ്‌ മറയുന്നതും നോക്കി ഞാന്‍ നിന്നു. എന്‍റെ  മനസ്സില്‍ എന്തോ ഒരു വിഷമം അനുഭവപ്പെട്ടു.അവരുടെ സാഹചര്യങ്ങളോര്‍ത്തോ, സഹായിക്കാനാവില്ല എന്ന ബോധം സൃഷ്ടിക്കുന്ന കുറ്റ ബോധത്തില്‍ നിന്നാണോ ആ വിഷമം വന്നത്‌ എന്ന് എനിക്കപ്പോഴും ഇപ്പോഴും അറിയില്ല.

                          ഇപ്പോള്‍ ഞാന്‍ അവരുടെ ഈ കഥ ബ്ളോഗിലേക്കു പകര്‍ത്തുമ്പോള്‍ പുറത്ത്‌ നല്ല കാറ്റു വീശുന്നുണ്ട്‌. പകലത്തെ ചൂടിന്‌ പകരമാവാന്‍ അത്‌ പോരെന്ന് എനിക്കു തോന്നുന്നു.രാത്രി ഏറെ കനത്തിരിക്കുന്നു. ഇപ്പോള്‍ ആ ബാല്യമുഖങ്ങള്‍ ഭാവിയുടെ ആകുലതകളില്ലാതെ ഉറങ്ങുകയായിരിക്കുമോ? അതോ എന്തിനെയൊ കാത്ത്‌ അവരുടെ കണ്ണൂ പിടയ്ക്കുകയാവുമോ? ഉത്തരങ്ങളില്ലാത്ത സഹമനുഷ്യനേക്കുറിച്ചുള്ള ചോദ്യങ്ങളുമായി ഞാനും മയങ്ങി വീഴുകയാണ്‌........ നാലു കണ്ണുകള്‍,..ചൂട്‌....., നഗ്നമായ കാലുകള്‍.......... ശൂന്യം......ശൂന്യം......

No comments :

Post a Comment

ഇല കൊഴിയുന്നു,തളിരിടുന്നു,മഞ്ഞുതിരുന്നു...
നാമെല്ലാം ഓരോ ഋതുഭേതങ്ങളിലൂടെ അലയുകയാണ്‌.......