Translate മൊഴിമാറ്റം

Friday, June 29, 2012

മറുമുഖം



വീട്ടിലെ കുഞ്ഞിനെ കരയിച്ചു കൊണ്ട്‌ രാവിലെ നീട്ടിയടിച്ച അലാറത്തെ അമര്‍ച്ച ചെയ്തുകൊണ്ടാണ്‌ രാഹുല്‍ കട്ടിലിലില്‍ നിന്നെഴുന്നേറ്റത്‌.പുതപ്പ്‌ അലസമായി വലിച്ചുമാറ്റി തിണ്ണയിലേക്കിറങ്ങി, മുറ്റത്ത്‌ രാത്രിയിലെ മഴയുടെ ബാക്കി ചെയ്യുന്നുണ്ട്‌.പരസ്യത്തിലെ സുന്ദരിയേപ്പോലെ ബ്രഷ്‌ കൈയ്യിലെടുത്തു,മനസ്സു നിറയെ പേസ്റ്റു തേച്ച്‌ വായ നിറയേ പല്ലുതേച്ചു.മുറ്റത്ത്‌ മഞ്ഞണിഞ്ഞു നില്‍ക്കുന്ന റോസാച്ചേടികളിലൊന്നില്‍ ഒരു ചുവന്ന റാണിയെ ആപ്പോഴാണ്‌ രാഹുല്‍ കണ്ടത്‌.വായില്‍ നിറഞ്ഞ പേസ്റ്റും ഉമിനീരും കലര്‍ന്ന മിശ്രിതം അവളുടെ മുഖത്തു തുപ്പിയപ്പോള്‍ രാഹുലിനൊരു ആശ്വാസം തോന്നി. മുഖം കഴുകാന്‍ കിണറ്റിങ്കരയിലേക്ക്‌ നടക്കുമ്പോള്‍ യുവറാണി ജരാനര ബാധിച്ച്‌ നനഞ്ഞു നിന്നു.കിണറ്റിന്‍ കരയില്‍ നിന്നു തന്നെ ഉഗ്രനൊരു കുളിയും കഴിഞ്ഞ്‌ ചായകുടിയും കഴിഞ്ഞ്‌ ഉടന്‍ സ്കൂളിലേക്കിറങ്ങി.കണ്ടത്തിന്‍റെ  വരമ്പുകളിലൂടെ പറ്റാവുന്നിടത്തോളം നെല്ലുകളുടെ തലപ്പുകള്‍ തല്ലിക്കൊഴിച്ചുകൊണ്ട്‌ അവന്‍ നടന്നു.
നെല്‍വയലിനപ്പുറം രാജീവേട്ടന്‍ നടത്തുന്ന കടയാണ്‌. അവിടുത്തെ പളപളാ മിന്നുന്ന ചില്ലുഭരണികളില്‍ തട്ടി ഗ്രാമത്തില്‍ നിന്നുമെത്തുന്ന അതിരുകള്‍ തിരിച്ചു പോകുന്നു.കടയില്‍ നിന്നും കൈ നിറയേ മിഠായി വാങ്ങി കൂട്ടുകാരോടൊപ്പം കൂട്ടു ചേര്‍ന്ന് ആമ്പല്‍ക്കുളക്കരയിലിരുന്നു. ബസ്സു വരാന്‍ വൈകും അതുവരെ ഈ ഇരിപ്പു പതിവാണ്‌. അപ്പോഴൊക്കെ മിഠായിക്കൂടുകള്‍ ആമ്പല്‍ക്കുളത്തിനു മേല്‍ നിക്ഷേപിക്കപ്പെടുന്നുണ്ടാവും.അങ്ങനെ ആ കുളം പ്ലാസ്റ്റിക്കു തോണികള്‍ അരങ്ങു വാഴുന്ന ഒരു ഹാര്‍ബറായി മാറിയിരുന്നു. വല്ലപ്പോഴും തലപൊക്കുന്ന ആമ്പല്‍പ്പൂക്കള്‍ കുട്ടികളുടെ കൈയില്‍ക്കിടന്നു ഞരിയാറുമുണ്ട്‌. ബസ്സു വന്നപ്പോഴേക്കും ആളുകള്‍ കൂടി. ഒരുവിധം രാഹുലും തള്ളിക്കയറി.ഒരു സൈഡ്‌ സീറ്റിലിരുന്നു. പുറത്ത്‌ ഓവുചാലിലൂടെ ഓയിലിനാല്‍ തീര്‍ക്കപ്പെട്ട മേല്‍പ്പുതപ്പും പുതച്ച്‌ അവശനായി ജലം ഒഴുകുന്നു.മിഠായിക്കവറുകള്‍,മുട്ടത്തോട്‌, വള്ളിച്ചെരുപ്പ്‌,റീഫില്ലര്‍,തെര്‍മോക്കോള്‍ എന്തൊക്കെയോ ജലത്തില്‍ അലിഞ്ഞു ചേരുന്നു.രാഹുല്‍ പുറത്തേക്ക്‌ നോക്കിയിരുന്നു-ദൂരെയായി നെഞ്ചുകീറി ചുവന്ന മണ്ണു കാട്ടി ഒരു പെരും മല കബന്ധമായി നില്‍ക്കുന്നു. വഴിയരികിലെ പുഴയുടെ ഒഴുക്കു കുറഞ്ഞു കുറഞ്ഞ്‌ ഒടുവില്‍ നിലയ്ക്കുന്നു.തൊണ്ടയ്ക്കു പിടിക്കപ്പെട്ട പോലെ പ്ലാസ്റ്റിക്കു മാലിന്യം പുഴയുടെ മുന്നില്‍ ഭീക്ഷണിയാവുന്നു.ജെ.സി.ബി പീഢിപ്പിച്ച വയലു കരയുന്നുണ്ടായിരുന്നു.ജാലകക്കാഴ്ചകള്‍ക്ക്‌ സ്കൂള്‍ സ്റ്റോപ്പില്‍ വിരാമമിട്ടുകൊണ്ട്‌ രാഹുല്‍ ഇറങ്ങി.സ്കൂളിലെത്തിയപ്പോള്‍ ആണ്‌ അറിഞ്ഞത്‌ അന്നു പരിസ്ഥിതി ദിനമാണെന്നറിഞ്ഞത്‌.രാഹുല്‍ സ്കൂളിലെ നന്നായി പഠിക്കുന്ന കുട്ടിയാണ്‌.കൂടാതെ എഴുത്തിലും അവനു കഴിവുണ്ട്‌. അതുകൊണ്ട്‌ രാഹുല്‍ വന്നയുടനെ ഗംഗാധരന്‍മാഷ്‌, അവനെ അന്നു നടക്കുന്ന ഉപന്യാസ മത്സരത്തിലേക്ക്‌ നിര്‍ദേശിച്ചു.ഉച്ചവരെ സമയമുണ്ട്‌ അതുകഴിഞ്ഞാണ്‌ മത്സരം.അതുവരെ രാഹുല്‍ ചങ്ങാതികള്‍ക്കൊപ്പം പാറപ്പുറത്തു കളിക്കാന്‍ പോയി.പിന്നെ തമാശയ്ക്ക്‌ അഞ്ചാറു പൂമ്പാറ്റയെ തല്ലിക്കൊന്നു,ഒരു പാമ്പിനെ നന്നായി നോവിച്ചു വിട്ടു.അതിലൊക്കെ രാഹുലും കൂട്ടുകാരും  ആനന്ദം കണ്ടെത്തി.രണ്ടു മണിക്കു മത്സരം തുടങ്ങി, ഉപന്യാസ രചനക്കിടെ മഷി തീര്‍ന്ന പേന അവന്‍ മുറ്റത്തേക്ക്‌ വലിച്ചെറിഞ്ഞു.മുറ്റത്ത്‌ ഇഴയുന്ന പ്ലാസ്റ്റിക്കു പുഴുക്കളുടെ കടിയേറ്റ്‌ മണ്ണ്‍ കരയുന്നത്‌ അവന്‍ ബോധപൂര്‍വ്വം കേട്ടില്ല.ഭൂമിയെ സംരക്ഷിക്കേണ്ട ആവശ്യം, മാനുഷ കടമ,എന്നിങ്ങനെ തോന്നിയതൊക്കെ രാഹുല്‍ കണക്കും അവലംബവും സഹിതം എഴുതി.വൈകുന്നേരം സ്കൂള് ‍ വിട്ടശേഷം സ്കൂള്‍ മൈതാനത്തിനു സമീപം ഇക്കോ ക്ലബ്ബുകാര്‍ നട്ട പാരിജാതത്തൈകളും,മാവിന്‍ തൈകളും കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ആരും കാണാതെ തല്ലിക്കൊഴിച്ച ശേഷമാണ്‌ അവന്‍ വീട്ടിലേക്കു പോയത്‌.രാഹുല്‍ വീ ട്ടിലെത്തി വസ്ത്രം മാറുമ്പോഴും അന്നു നടന്ന ഉപന്യാസ മത്സര രചനകള്‍ക്ക്‌ മാര്‍ക്കിട്ടുകൊണ്ട്‌ ആലീസു ടീച്ചരും,ശോഭ ടീച്ചറും,ഗംഗാധരം മാഷും,വിനോദ്‌ മാഷും സ്കൂളില്‍ ഇരിക്കുകയായിരുന്നു.നീണ്ട നേരത്തെ പരിശോധനയ്ക്കു ശേഷം അര്‍ജുനും ,രാഹുലും ബാക്കിയായി.ഒടുവില്‍ ഭൂരി പക്ഷാഭിപ്രായപ്രകാരം രാഹുലിനു നേരെ ഒന്നാം സ്ഥാനം രേഖപ്പെടുത്തി അധ്യാപകര്‍ എഴുന്നേറ്റു. രാഹുലിന്‍റെ  സഹപാഠിയായ അര്‍ജുന്‍ അന്നു രാവിലെക്കൂടി മുറ്റത്തു പുതിയ റോസാക്കമ്പുകളും,അടുക്കളത്തോട്ടത്തില്‍ പുതിയ ഇനം പയര്‍വിത്തും  നട്ടതുമൊന്നും അവര്‍ അറിഞ്ഞില്ല. സ്കൂളില്‍ നിന്നു പുറത്തിറങ്ങി വീട്ടിലേക്കു നടക്കുമ്പോഴാണ്‌ ഗംഗാധരന്‍മാഷ്‌ രാഹുലിനെ ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ വിളിക്കുന്നത്‌.
"ഹലോ രാഹുലല്ലേ?"
"അല്ലല്ലോ ഇതാരാ?"-രാഹുലിന്‍റെ  അമ്മയാണ്‌ ഫോണെടുത്തത്‌.
"ഞാന്‍ ഗംഗാധരന്‍മാഷാ..." മാഷു പറഞ്ഞു.
"ഓ മഷാണോ, അവനിപ്പം മാമന്‍ പോയ കൂട്ടത്തീ പൊഴേല്‌ നഞ്ച്‌ കലക്കാന്‍ പോയിരിക്ക.മീനെന്നു വച്ച പ്രാന്താ ചെക്കന്‌, ങ്‌ഹാ ഓന്‍ നല്ലോണം പഠിക്കുന്നൊക്കെയുണ്ടോ മാഷേ?"-
 ഫോണില്‍ നിന്നും വരുന്ന ചോദ്യങ്ങള്‍ക്കു ശേഷം കനപ്പിച്ച്‌ ഒരു "ഉം" മറുപടിനല്‍കി മാഷ്‌ ഫോണു കട്ട്‌ചെയ്തു.അപ്പോഴും രാഹുല്‍  ‍പുഴയില്‍ നഞ്ചുകലക്കലില്‍മുഴുകി,ആസ്വദിക്കുകയായിരുന്നു.മീനുകളും,ഗംഗാധരന്‍ മാഷും,പിന്നെ കാറ്റു പിടിച്ച കരിഞ്ഞ നെല്‍ക്കതിരുകളും മാത്രം മൌനമായി നിലവിളിച്ചു.

No comments :

Post a Comment

ഇല കൊഴിയുന്നു,തളിരിടുന്നു,മഞ്ഞുതിരുന്നു...
നാമെല്ലാം ഓരോ ഋതുഭേതങ്ങളിലൂടെ അലയുകയാണ്‌.......