Translate മൊഴിമാറ്റം

Saturday, April 28, 2012

ഞാനും പേനയും

                ഇത് എന്‍റെ ഒരു അനുഭവം ആണ്.ഞാന്‍ പേനയുടെ സഹായത്താല്‍ എറ്റുവാങ്ങിയ ചില അനുഭവങ്ങള്‍ ......
പ്ലസ് വണ്ണിലെ ഒരു ആദ്യകാല ക്ലാസ് ദിനം. പുതിയ കുട്ടികള്‍,പുതിയ സ്കൂള്‍,പുതിയ അധ്യാപകര്‍. എന്തോ ഒരു വിരസതയില്‍  മുഴുകിയിരിക്കവെയാണ്,മലയാളം മാഷ് ക്ലാസ്സില്‍ എത്തിയത്. നല്ല സുമുഖനായ ഒരാള്‍. 
എന്നെ പത്താം ക്ലാസ്സില്‍ പഠിപ്പിച്ച ഉണ്ണി മാഷിനെപ്പോലെ താടി ഇല്ല ,മാത്രവുമല്ല  ഉണ്ണി മാഷിന്‍റെ ശൈലിയുമല്ല, ഞാനോര്‍ത്തു. ക്ലാസ് എന്തുകൊണ്ടോ എനിക്ക് അത്ര പിടിച്ചില്ല .അത് മാഷിന്‍റെ കുറ്റമൊന്നുമല്ല എന്നതാണ് സത്യം. 
അങ്ങനെ ഇരിക്കവെയാണ് മാഷ്‌ ഒരു കുട്ടിയെക്കൊണ്ട് പാഠം വായിപ്പിക്കുന്നത്. എനിക്ക് സമീപമിരിക്കുന്ന ചിലരൊക്കെ ഞെരങ്ങാന്‍ തുടങ്ങി.എനിക്ക് ഏതായാലും ഉറക്കം വന്നില്ല.ആയതിനാല്‍ ഞാന്‍ ഒരു പേനയെടുത്ത് യാന്ത്രികമായി ടെക്സ്റ്റ് ബുക്കിന്‍റെ വശത്ത് ഒരു സുമുഖനെ വരച്ച് രൂപപ്പെടുത്തുകയായിരുന്നു. 
                ക്ലാസ്സില്‍ മറ്റു ശബ്ദം ഒന്നും തന്നെയില്ല.പുസ്തക വായനക്കാരി തന്‍റെ കര്‍ത്തവ്യം ഉറക്കെ നിര്‍വ്വഹിക്കുന്നത് ഒഴിച്ചാല്‍ ശാന്തമായ അന്തരീക്ഷം. 
ഞാന്‍ ചിത്രകല തുടര്‍ന്നു. മാഷ്‌  സത്യത്തില്‍ പുറകില്‍ നില്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു വലിയ ഒച്ച നിശബ്ദത വലിച്ചു കീറി.   
                ഞാനടക്കം എല്ലാവരും പിന്നോട്ട് തിരിഞ്ഞു നോക്കി.പിറകിലെ കുട്ടികള്‍ എന്നെ നോക്കി ചിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ പുറത്തിനൊരു വേദന. അപ്പോള്‍ മാത്രമാണ് ഞാന്‍ ആര്‍ഭാട പൂര്‍വ്വം ഏറ്റു വാങ്ങിയ അടി എന്‍റെ ബോധതലത്തില്‍ മൂളിപ്പറന്നത്. പിന്നെ മനസ്സാണ് വേദനിച്ചത്. ഒരായിരം വട്ടം ഞാന്‍ ആ പേനയെ ശപിച്ചു.പേന കൈയ്യിലുണ്ടെങ്കില്‍ ഞാന്‍ എന്തെങ്കിലുമൊക്കെ വരച്ചും കുറിച്ചും ഇരിക്കും. അതാണ്‌ വിനയായത്.ഞാന്‍ അങ്ങനെ ഇളിഭ്യനായി നില്‍ക്കവേ മാഷ്‌ പറഞ്ഞു; "നിന്നെക്കാള്‍ ഭയങ്കരന്മാരെ ഞാന്‍ കണ്ടതാണ്. വേല ഇവിടെ വേണ്ട."
സത്യത്തില്‍ ഞാന്‍ വേലയിറക്കിയതല്ല.പക്ഷെ അത് കുഴപ്പമായി.മാഷ്‌ തുടര്‍ന്നു;"നിനക്ക് ഇതെന്താന്നറിയുവാ ?". തറയിലേക്ക് വിരല്‍ ചൂണ്ടി മാഷ്‌ ചോദിച്ചു.ഞാന്‍ സംശയിച്ചു നില്‍ക്കെ അടുത്തിരുന്ന ചോരകുടിയന്‍ "തറ" എന്നാക്രോശിച്ചു. 
"ങാ അതിലും തറയാകും ഞാന്‍" മാഷ്‌ പറഞ്ഞു.
നിന്നെക്കൊണ്ടു ബോര്‍ഡില്‍ ഇതുപോലത്തെ അഞ്ഞൂറ് ചിത്രം വരപ്പിക്കട്ടെ ,എന്നാ മാഷിന്‍റെ ചോദ്യത്തിനു മുന്‍പില്‍ ഞാന്‍ ചമ്മി നിന്നു.ഈ സമയമത്രയും  ഞാന്‍ എന്‍റെ പേനയെ കൈയ്യിലിട്ട് ഞെരിച്ചു.
               അങ്ങനെ ആ ദിനം കടന്നുപോയി. ഒരുപാട്  വായനയും, ചെറുപ്പത്തിലെ മലയാളത്തിനോടുള്ള കമ്പവും വച്ചു ഞാന്‍ പിന്നീട് വന്ന  മലയാളം പീരിഡുകളില്‍ കസറി. ഒന്ന് തൊട്ടേ എനിക്ക് ഭാഷാ വിഷയം [ഹിന്ദിയൊഴിച്ച് ] ഇഷ്ടമായിരുന്നു. 
അങ്ങനെ ഞാന്‍ മാഷിനും കുട്ടികള്‍ക്കും മുന്നില്‍ മാന്യനായ കുട്ടിയായി. പിന്നീടും പലതവണ എന്‍റെ കുത്തിക്കുറിക്കലുകള്‍ മാഷ് കണ്ടിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല. മാഷിനെ അതിനാല്‍ എനിക്കും വലിയ കാര്യമായി. ഇന്ന് ആ മാഷല്ല എന്നെ മലയാളം പഠിപ്പിക്കുന്നത്. എന്നാലും ആദ്യ ദിനം കിട്ടിയ ആ അടിയും പിന്നീടുള്ള എന്‍റെ ദിനങ്ങളും ഒക്കെ മധുരമുള്ള ഓര്‍മ്മയായി നിലനില്‍ക്കുന്നു.

വീണ്ടും ഒരു പേനാക്കഥ.....  

ഞാന്‍ ആറാം ക്ലാസ് -പത്താം  ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്‍റെ ഉറ്റ മിത്രം അമല്‍ ആയിരുന്നു.അവനാണ് അന്ന് ക്ലാസ്സിലെ  വലിയ രസച്ചരട്. അവനും എനിക്കും പൊതുവായുള്ള ഒരു സ്വഭാവവും ഉണ്ട്.അത് പേനയുടെ ടോപ്പ് നഷ്ടപ്പെടുത്തലാകുന്നു. അന്ന് ഞങ്ങള്‍ ഒരു പേനയും ടോപ്പോടു കൂടി ഞങ്ങളുടെ കൈയ്യില്‍ കണ്ടിട്ടില്ല. അത് ഒന്നോ രണ്ടോ ദിനം കൊണ്ടു കളയും. അതിനാല്‍ ആ ബോധ്യമുള്ളതിനാല്‍ അമല്‍ അവന്‍റെ പേനയുടെ ടോപ്പ്, പേന വാങ്ങി വരുന്ന വഴി ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് കൊടുക്കും. എന്തൊരു സ്വയം ബോധം  .  !

മറ്റൊരു പരിപാടി കൂട്ടുകാരുടെ പേനയുടെ ടോപ്പ് എടുത്ത്  മാറ്റി വയ്ക്കലും, കടിച്ച്  ചമ്മന്തിപ്പരുവമാക്കലുമാകുന്നു.. ... അത് താന്‍ പേനയുടെ ടോപ്പ് ഉപയോഗിക്കാത്തപ്പോള്‍ ആരും ഉപയോഗിക്കേണ്ട എന്ന സമത്വബോധമാണെന്നു നമുക്ക് കരുതാം. അവനിന്നും എന്‍റെ വീടിനടുത്തുള്ള ഒരു സ്കൂളില്‍ വട്ടം കറങ്ങി നടപ്പാണ്. 

അങ്ങനെ ചില കുസൃതിക്കൂട്ടുകാരും , ഓര്‍മ്മകളുമൊക്കെയായി ഞാനും നടക്കുന്നു....