Translate മൊഴിമാറ്റം

Wednesday, October 24, 2012

മലയാളന്‍



അടിയാളന്‍മാരുണ്ടായിരുന്നെന്‍ നാട്ടില്‍ 
മണ്ണില്‍ ലയിച്ചവര്‍,മഴുപേറി ഉഴറിയോര്‍ 
കാട്ടുപുല്ലിന്നു കരളുപകര്‍ന്നവര്‍,
 കലപ്പക്കൊഴുവിനാല്‍ മഴവില്ല്‌ തീര്‍ത്തവര്‍ 
ചാട്ടവാറടിതന്‍ പുളിപ്പും,ചുവപ്പും
,തടിപ്പായി മാറതില്‍ പേറി നടന്നവര്‍. 
ഒടുവിലൊരു സന്ധ്യയ്ക്ക്‌ കൂട്ടുപോയവര്‍.
 ഇന്നലത്തെ ചരിത്രപാഠങ്ങളില്‍ മരിച്ചവര്‍. 
ഇന്ന്‌ ഞാന്‍ ഉത്തരാധുനീകന്‍,മനുഷ്യന്‍ 
അടിയാളരില്ലാത്ത ഗ്രാമവും നഗരനരകങ്ങളും,
ചുറ്റിലും ആര്‍ക്കുന്ന വിജയഗാഥകള്‍. 

ഇന്ന്‌ ഞാന്‍ മലയാളി,
മലയാളന്‍-അടിയാളന്‍ തന്നുടെ 
പുതിയ രൂപങ്ങള്‍. 
ഇന്ന്‌ ഞാന്‍ മലയാളി,മലയാളന്‍- 
 അമ്മയാം ഭാഷയെ സ്നേഹിച്ച പേരില്‍ തല്ലു
  വാങ്ങുവോന്‍,കാട്ടാളനാകുവോന്‍,
പുഛച്ചിരിക്കൊക്കെ പാത്രമാകുന്നവന്‍
. ഞാന്‍ മലയാളന്‍, അടിയാള പിന്‍ഗാമി,
ചാട്ടവാറടിയില്ലയെങ്കിലും,
കുത്തുവാക്കായ്‌ 
, കനത്ത നോക്കായി,കറുത്ത ചിരിയായി
മരണമുനയില്‍ പിടഞ്ഞു കിടക്കുവോന്‍. 

ഞാന്‍ മലയാളന്‍,വര്‍ത്തമാനത്തിലൊരു
പണിയാള പുത്രന്‍,നശിച്ച നീചന്‍. 
ഞാന്‍ മലയാളന്‍,പെറ്റമ്മയെ കാക്കുവോന്‍ 
മണ്ണു തിന്നാന്‍ കൊതിയുള്ള പുത്രന്‍, 
 അന്‍പത്തിയാറും ചുമക്കാന്‍ അഭിമാനമുള്ളവന്‍ 
അതെ,ഞാന്‍ മലയാളന്‍,മരണമെത്തുംവരെ 
 മണ്ണില്‍ കഴിയുവാന്‍ ഉറപ്പിച്ച ചുവടുകള്‍ 
ചാനല്‍പ്പരുന്തിന്നു വഴങ്ങാത്ത നട്ടെല്ലുള്ളവന്‍
 ഞാന്‍ മലയാളന്‍,അഭിമാനിയാം പണിയാളന്‍,
 പക്ഷെ, ഇനിയൊരിക്കലും തോക്കാത്ത പുത്രന്‍ 
ഞാന്‍ മലയാളന്‍. മലയാളമണെന്‍ സ്വത്വവും