Translate മൊഴിമാറ്റം

Friday, June 7, 2013

മുൻഗാമി @ I AM.book


ഞാന്‍ അഭിലാഷ്‌.,..

സ്നേഹമുള്ളവരും,കൂട്ടുകാരും എന്നെ അറിയാവുന്ന കൊച്ചുകുട്ടികളുമൊക്കെ എന്നെ 'അഭി'എന്നു വിളിക്കും.ദേഷ്യമുള്ളവര്‍ മനസ്സില്‍ മറ്റു പലതും വിളിച്ചേക്കാം ,അതിവിടെ പറയാനാവില്ലല്ലോ. എനിക്ക്‌ പുസ്തകങ്ങളുമായുള്ള ചങ്ങാത്തം നാമ്പിട്ടുതുടങ്ങിയത്‌ ഞാന്‍ മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍ ആണ്‌.കോരിച്ചൊരിയുന്ന മഴയും, ചക്രവാളങ്ങളില്‍ ദു:ഖം തളം കെട്ടിയ ആകാശവുമുള്ള ഒരു ദിവസമൊന്നുമല്ല, മറിച്ച്‌ ഒരു സാധാരണ പകല്‍ ആണ്‌ ഞാന്‍ ആദ്യമായി ലൈബ്രറിയില്‍ കയറിച്ചെന്നപ്പോള്‍ സ്വീകരിച്ചത്‌ .ലൈബ്രറിയുടെ പൊട്ടിപ്പൊളിഞ്ഞ പടികള്‍ കയറുമ്പോള്‍ ഒരു ബോര്‍ഡ്‌ ശ്രദ്ധയില്‍പ്പെട്ടു. "റൂറല്‍ ലൈബ്രറി". "എന്താണമ്മോ ഈ റൂറല്‍?" എന്നിലെ മൂന്നാം ക്ളാസ്സുകാരനിലെ അജ്ഞത ഫണം വിടര്‍ത്തി.അതിനെ അതികം ആടാന്‍ വിടാതെ ഒരു കുറിയ മനുഷ്യന്‍ വന്നു എന്നോട്‌ "എന്തേ മോനേ?" എന്നു മധുരമായി ചോദിച്ചു. ക്ളാസ്‌ ടീച്ചര്‍ രാധാമണി ടീച്ചര്‍ പറഞ്ഞ വാക്കുകള്‍ മാത്രം ആവര്‍ത്തിക്കപ്പെട്ടു.

"ലൈബ്രറീ ചേരണം". "ഓ നീ പുസ്തകോക്കെ വായിക്കലായില്ലേ-നല്ലയന്നെ അകത്തേക്ക്‌ വാ".അപ്പോളാണ്‌ ആ കുറിയ മനുഷ്യന്‍ അവിറുത്തെ ലൈബ്രേറിയനാണെന്നറിഞ്ഞത്‌.ഞാന്‍ അയാള്‍ക്കു പിന്നാലെ ഉള്ളിലേക്ക്‌ കയറി.പൊടിപിടിച്ച്‌ ആരും തുറക്കാതെ കിടക്കുന്ന ഒരു പഴഞ്ചന്‍ ജനാലയാണ്‌ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്‌.പിന്നെ കണ്ണുകള്‍ ചലിച്ചു തുടങ്ങി.ആറേഴു ചില്ലലമാര നിറയെ പുസ്തകങ്ങള്‍."ന്നാ ഇയിലൊരൊപ്പിട്‌-ഇന്നിറ്റ്‌ പേരെല്ലം പറ" ലൈബ്രേറിയന്‍ പറഞ്ഞ വാക്ക്ക്കുകള്‍ കണ്ണിനെ പേപ്പറിലേക്ക്‌ ആവാഹിച്ചു. നിറം മങ്ങിയ മഞ്ഞിച്ച ആ കടലാസില്‍ ഞാന്‍ കുഞ്ഞു വിരലുകളാല്‍ ഒരു കുഞ്ഞ്‌ ഒപ്പിട്ടു.'ആ' എന്ന അക്ഷരമായിരുന്നു അത്‌.(വീടിനടുത്തുള്ള ചേച്ചിമാര്‍ ഒരിക്കല്‍ സ്വന്തം ഒപ്പിനേപ്പറ്റി വാചാലരാകവെ അവരെല്ലാം പേരിലെ ആദ്യ അക്ഷരമാണ്‌ ഒപ്പില്‍ ഉപയോഗിക്കുക എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ അത്‌ ഇംഗ്ളീഷിലാണെന്ന് ഞാനറിഞ്ഞില്ല)ഒരു പുഞ്ചിരിയോടെ ഞാന്‍ ഒപ്പിട്ട പേപ്പര്‍ മടക്കി ഒരു ഫയലില്‍ വച്ചശേഷം അയാളെന്നോട്‌ ചോദിച്ചു.

"ഇന്നന്നെ ബുക്ക്‌ വേണാ?".ഞാന്‍ സന്തോഷത്തോടെ തലകുനുക്കി.അയാള്‍ ഒരു പഴയ അലമാര തുറന്ന് ഒരു പുതിയ പുസ്തകം പുറത്തെടുത്തു. അതിനു പുറത്ത്‌ മനോഹരമായ ചിത്രങ്ങള്‍.ഒരു കാടും കുറേ മൃഗങ്ങളും ഒരു മനുഷ്യനും. ഞാന്‍ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന പേര്‌ വായിച്ചു:"മൃഗ ഡോക്ടര്‍"അന്ന് രാധാമണിടീച്ചറ്‍ ധാരാളമായ്‌ തന്ന പുകഴ്ചയുടെ മധുരം നുണഞ്ഞ്‌ കൂട്ടുകാര്‍ക്കൊപ്പം ആ പുസ്തകം വായിച്ചു തീര്‍ത്തു.വയന തുടങ്ങിയപ്പോള്‍ ക്ളാസ്സിലെ പകുതി കുട്ടികള്‍.സമയം കടക്കുംതോറും എണ്ണം കുറഞ്ഞു.ഒടുവില്‍ ഞാനും എനിക്ക്‌ അടുത്ത്‌ ഒരു കുട്ടിയും മാത്രം.ശേഷിച്ചു.അന്ന് എനിക്ക്‌ ആദ്യമായി ഒരു കാര്യം മനസ്സിലായി വായന എല്ലാവര്‍ക്കും അത്ര രസമുള്ള ഏര്‍പ്പാടല്ല.

അന്ന് ഞാന്‍ വൈകുന്നേരം ലൈബ്രറിയില്‍ തിരിച്ചു ചെന്നു.പുസ്തകം മ്മറ്റിയെടുക്കനാണ്‌ ചെന്നത്‌.പക്ഷേ അന്ന് പുതിയ ഒരു നിയമം അറിഞ്ഞു.ഒരു ദിവസം ഒരു പുസ്തകമേ കിട്ടു. അന്ന് തൊട്ട്‌ ഞാന്‍ ലൈബ്റേറിയനു പ്രിയപ്പെട്ട വായനക്കാരനായിമാറി.കൃത്യമായി പുസ്തകം എടുക്കുകയും മടക്കിക്കൊടുക്കുകയും ചെയ്യുന്ന കുട്ടി ഞാനാണന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആകാശം മുട്ടെ വളര്‍ന്നു.
നാലാം ക്ലാസ്സിലെ കൊച്ചുപാവാടയും, കുട്ടിയും കോലും കളിയും, ചോക്കു പൊടിയും, വഴുക്കലുള്ള ഇരുണ്ട ഇടനാഴിയും, അവിടെ അമിഞ്ഞുകൂടിയ ഒരായിരം പരിചിത മുഖങ്ങളും ഒരു നിമിഷം ഞാൻ മറന്നത് അപ്പോഴാണ്.........

പിന്നീട്‌ താമസം മാറി പുതിയ സ്ഥലത്തെത്തിയപ്പോള്‍ അവിടുത്തെ പഞ്ചായത്ത്‌ ലൈബ്രറിയായി പുതിയ സങ്കേതം.കൂടുതല്‍ അലമാര, കൂടുതല്‍ പുസ്തകം.. ഞാന്‍ വല്ലാതെ സന്തോഷിച്ചു . ഇക്കാലയളവില്‍ അതായത്‌ മൂന്നു മുതല്‍ പത്തുവരെ പഠിക്കുന്ന കാലയളവില്‍ ഞാന്‍ ഓരോ ആഴ്ചയും മൂന്നു നാലു പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. പത്താം ക്ളാസ്സിലെത്തിയതോടെ തിരക്കായി പുസ്തകവായന ആഴ്ചയില്‍ മൂന്നും,രണ്ടും,ഒന്നും ആയി, പിനീടത്‌ ഏതാണ്ട്‌ നിന്നു എന്നു പറയാം.അന്നാണ്‌ വായനയുടെ പുതിയ പുല്‍പ്പുറങ്ങളായി എനിക്കുമുന്നില്‍ ഇണ്റ്റര്‍നെറ്റും,ബ്ളോഗും ഒക്കെ കടന്നുവന്നത്‌. ധാരാളം എഴുതുകയും,ആരും കാണാതെ ചുരുട്ടിക്കൂട്ടുകയും ചെയ്യുന്ന ഞാന്‍ അങ്ങനെയാണ്‌ എന്നിലെ സര്‍ഗാത്മകശേഷിയെ അരങ്ങിലെത്തിക്കാന്‍ ആദ്യമായിശ്രമിച്ചത്‌.ധാരാളം ബ്ളോഗുകള്‍ അതിനോടകം തുടങ്ങിയെങ്കിലും അത്‌ മറ്റു കൂട്ടുകാര്‍ക്കും,മറ്റു ഉദ്ദേശ്യങ്ങള്‍ക്കുമായിരുന്നു. എന്നാല്‍ രചനകള്‍ നടത്താനും കൂട്ടുകാരുമായി പങ്കുവയ്ക്കാനും ലക്ഷ്യമിട്ട്‌ ആദ്യമായി നിര്‍മ്മിച്ച ബ്ളോഗ്‌ "അഭിലാഷും പേനയും" എന്ന ഒന്ന്‌ ആയിരുന്നു. പിന്നീട്‌ ഇതിനെ വിപുലപ്പെടുത്തിയാണ്‌ ഇപ്പോള്‍ നിലവിലുള്ള രണ്ടാമത്തെ ബ്ളോഗായ "സര്‍ഗജാലകം" എന്നില്‍നിന്നും ജനിച്ചത്‌..

ഇതിലെ കഥകളും കവിതകളും എന്നിലെ ചിന്തകളാണ്‌, അനുഭവങ്ങളാണ്‌, ആഗ്രഹങ്ങളാണ്‌, നിരീക്ഷണങ്ങളാണ്‌. എനിക്ക്‌ സ്കൂള്‍തല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിത്തന്ന കഥയും ,കവിതയും, സബ്ജില്ലാതല രചനാ മത്സരത്തില്‍ കഥാരചയ്ക്ക്‌ ഒനാം സ്ഥാനം നേടിത്തന്ന കഥയുടെ മറ്റൊരു പതിപ്പും ഇതില്‍ ഉണ്ട്‌. കൂടാതെ ആദ്യകാല രചനകള്‍ നേരിട്ട പ്രശ്നം, കൂട്ടുകാര്‍,അമളികള്‍,നേട്ടങ്ങള്‍ എല്ലാം ഇതിലുണ്ട്‌. 

എന്നെ സര്‍ഗാത്മക ലോകത്തേക്ക്‌ സ്നേഹത്തോടെ ഉറ്റുനോക്കാന്‍ സഹായിച്ച വ്യക്തികളെ അക്കമിട്ട്‌ എനിക്കു പറയാനാകും. ഒന്നാം ക്ളാസ്സിലെ ടീച്ചറായ രാധാമണിടീച്ചര്‍,ആദ്യ മലയാളം ടീച്ചര്‍ പുഷ്പ ടീച്ചര്‍,മലയാള അധ്യാപകരായ ബാബു മഷ്‌,സ്രീകുമാര്‍ മാഷ്‌,എന്നില്‍ ശക്തമായ്‌ പ്രഭാവം ചെലുത്തിയ ഡോ:ഉണ്ണികൃഷ്ണന്‍ മാഷ്‌ അഥവാ ഞങ്ങളുടെ ഉണ്ണിമാഷ്‌,ഇപ്പോഴത്തെ പ്ളസ്‌ ടു അധ്യാപകനായ ഗണേശന്‍ മാഷ്‌... പിന്നെ ആത്മാര്‍ഥ സുഹൃത്തുക്കള്‍

പണ്ട്‌ എന്നോടൊപ്പമിരുന്നു പുസ്തകം വായിക്കാന്‍ ഉണ്ടായിരുന്ന ഒരു ന്യൂനപക്ഷത്തിനെ വ്യത്യസ്ത മുഖങ്ങളില്‍ എനിക്ക്‌ ഇന്നും കണ്ടെത്താനാകുന്നു. അവര്‍ പുസ്തകപ്രേമികളാവണമെന്നില്ല, പക്ഷേ സാഹിത്യത്തിലെ ഏതെങ്കിലും മേഖല അവര്‍ സ്നേഹിക്കുന്നു. സഹപാഠികളായ ശ്രീനാഥും, സുജിത്തും, കുടുംബ സുഹൃത്തായ സിജോ, ഞാന്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ആത്മമിത്രങ്ങളായ ഷഹനാസും, അമലും,നമൃതയും..... എന്നിങ്ങനെ വ്യത്യസ്ഥ സമസ്യകളില്‍ എനിക്കുള്ള സൌഹൃദങ്ങളാണ്‌ എന്നിലെ സര്‍ഗാത്മകഇന്ധനം.

സൌഹൃദങ്ങളുടെ നീണ്ട നിര എനിക്കുണ്ട്‌..., ഞാന്‍ എന്ന വ്യക്തിയെ, എന്നിലെ സ്വഭാവവിശേഷത്തെ വെറുപ്പോടെ വീക്ഷിക്കുന്ന ഒറ്റ പരിചയക്കാരനും എനിക്കില്ല.അതാണ്‌ ഞാന്‍ എന്ന വ്യക്തിത്വത്തില്‍ എനിക്ക്‌ കാണാനാകുന്ന വിജയം. എന്നെ അങ്ങേയറ്റം വെറുത്തു എന്ന്‌ എനിക്ക്‌ തോന്നുന്ന ഒരു സുഹൃത്തേ എനിക്കുണ്ടായിരുന്നുള്ളു, എന്നാല്‍ ഇന്ന്‌ അവന്‍ എന്നേ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു എന്നത്‌ വലിയ ആശ്വാസമാണ്‌ . നല്ല സൌഹൃദങ്ങളില്‍ ഞാന്‍ എന്നു വിശ്വസിക്കുന്നു.
ഒറ്റ നോട്ടത്തില്‍ എനിക്ക്‌ തിരിച്ചറിയാനാകും അവര്‍ എന്നേ എത്രമാത്രം അംഗീകരിക്കുന്നു എന്ന്‌. , അങ്ങനെ അപൂര്‍വ്വം സുഹൃത്തുക്കളേ ഉണ്ടാവു... 

എങ്കിലും കലാലയ ജീവിതം ആഘോഷമാക്കാന്‍ അനവധി സുഹൃദങ്ങള്‍ നല്‍കുന്ന സംഭാവനയെ നാം മാനിക്കണം. അതാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌.

        ഞാന്‍ വേരുകളറിയാത്തവനാണ്‌. എത്ര ശ്രമിച്ചിട്ടും എനിക്ക്‌ സാഹിത്യത്തോട്‌ ഇഷ്ടം ജനിച്ചതെന്തെന്നു വ്യക്തമല്ല. ഞാനറിയാത്ത ഏതെങ്കിലുമൊരു വേരിലെ തുടര്‍ച്ചയാകാം ചിലപ്പോള്‍ ഞാന്‍.... ;

ആ മുന്‍ഗാമി ആരാണാവോ?..........