Translate മൊഴിമാറ്റം

Sunday, September 1, 2013

എഫ്.ബി ജനറേഷൻ



സാധാരണത്വത്തിലേക്ക് രക്തക്കുഴൽ തുറന്നുവച്ചിരിക്കുന്ന ഒരു പകലിലെ വിരസവും സുദീർഘവുമായ യാമങ്ങളിലെപ്പഴോ ആണ് ഞാൻ ഉറക്കമുണർന്നത്.
മുറ്റത്ത് മഴയില്ല,തൊടിയിൽ കിളിച്ചിലപ്പുകളുമില്ല.ഏകാന്തത ഒരു പാടപോലെ എല്ലാടവും മൂടിനിന്നു.അതേ ഏകാന്തതയുടെ ഒറ്റമുറിവീട്ടിലെ സഹതാമസക്കാരനാണ് ഞാൻ
എന്നുപ്പൊലുമോർക്കാതെ ഞാൻ അതിനെ ശപിച്ചുകൊണ്ടിരുന്നു. ഈ മഹാനഗരത്തിലെ ചേറും,ചേലും കൂടിക്കുഴഞ്ഞ മിശ്രിതത്തിൽനിന്നും ഒരുവിധം കരപറ്റുമ്പോഴേക്കും സമയം ഏഴു കഴിയും.
പിന്നെ ആകെ കൂട്ട് ഈ ഒറ്റമുറിവീട്ടിലെ ലാപ്പിനുള്ളിൽ ഒളിച്ചിരിക്കുന്ന എഫ്.ബി'യാണ്.
അന്ന് ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ ഞാൻ വളർന്നതും പഠനം കഴിഞ്ഞതും തികച്ചും സാധാരണമായ ചുറ്റുപാടുകളിലാണ്.ഗ്രാത്തിലെ ആയിരം മുഖങ്ങളിൽ ഒന്നുമാത്രമായി ഞാൻ ഒതുങ്ങി.
പിന്നീട് ഐ.ടി.ജോലി സ്വപ്നം കണ്ട് നടന്ന ഗ്രാമീണ പയ്യന് സ്മാർട്ട്ഫോണും,ലാപ്ടോപ്പും,പെൻഡ്രൈവും,ക്യാമറയും,ടാബുമെല്ലാം സ്വപ്നങ്ങളും
നാട്ടുവഴികൾ യാഥാർത്ഥ്യവുമായിരുന്നു.
ഇന്നാകട്ടെ സ്വപ്നങ്ങൾ ഒന്നൊഴിയാതെ യാഥർത്ഥ്യവും യാത്ഥാർത്യങ്ങൾ ഭാവികാല സ്വപ്നവുമായി അവശേഷിക്കുന്നു.ഇന്നെനിക്ക് നാട്ടുവഴിയുടെ സംഗീതവും ..... ഇല്ല ഒന്നുമില്ല.
പ്രഭാത കൃത്യങ്ങളിൽ എനിക്ക് പമുഖസ്ഥാനം എഫ്.ബി,യ്ക്കാണ്.ഫേസ്ബുക്ക് എന്ന സോഷ്യൽ മീഡിയാ വെബ്സൈറ്റിനുള്ളിലെ മാസ്മരലോകമെന്നെ അത്രയ്ക്ക് ആകർഷിച്ചു.എന്നിലെ ഏകാന്തത അലിഞ്ഞില്ലാതായത് എഫ്.ബി മുഖാന്തിരമാണ്.
സ്നേഹിക്കാൻ മാത്രമറിയുന്ന കൂട്ടുകാർ.വീട്ടുകാരേക്കാൾ കൃത്യമായി പ്രവാസിയായ എനിക്ക് ബർത്ത്ഡേ വിഷസ് നേരുന്ന കൂട്ടുകാർ.ഞാൻ ഇടുന്ന എല്ലാ പോസ്റ്റുകൾക്കും ലൈക്കും കമൻഡും ഇടുന്നവർ.ഞാൻ കൊള്ളാവുന്നവനും സമ്മതനുമാണെന്ന തോന്നൽ
നൽകിക്കൊണ്ട് അവ ഷെയർ ചെയ്യുന്നവർ.
ഒരു മകനെയെന്ന പോലെ എന്നെ കരുതി നിർദ്ദേശം നൽകുന്ന മുതിർന്നവർ, പ്രണയം ഉറങ്ങുന്ന ഊഷ്മളവാക്കുകളാൽ എന്നെ പൊതിയുന്ന സുന്ദരികൾ.ജീവിതത്തിലെ എല്ലാ നിമിഷങ്ങളും,സാധ്യമാകുമ്പോഴൊക്കെ മറ്റെല്ലാം മാറ്റിവച്ച് ഞാൻ ഓൺലൈൻ ചാറ്റിൽ സജീവമായി.
അതെനിക്ക് ആകർഷണീയമായ വ്യക്തിത്വവും,അഭിപ്രായം പറയുന്ന ശീലവും ഒക്കെ നൽകി.അങ്ങനെ ജീവിതത്തിലെ വർത്തമാന നന്മകൾക്കൊക്കെ പര്യായമായി എഫ്.ബി എന്ന രണ്ടക്ഷരം ഞാൻ നെഞ്ചേറ്റി.
നേർഅത്തേ തന്നെ ഫ്രണ്ട്സ് ലിസ്റ്റിൽ കണ്ടു പരിചയിച്ച മുഖങ്ങളായതിനാൽ ചുറ്റുവട്ടത്തും ജോലിസ്ഥലത്തുമുള്ള ആളുകളോടെല്ലാം ആത്മവിശ്വാസത്തോടെ സംസാരിക്കാൻ എനിക്ക് എളുപ്പമായി.അങ്ങനെ എഫ്.ബി ജീവിതത്തിലെ മറുപിറവിയായ കഴിഞ്ഞ വർഷങ്ങൾ.
ഇന്നും ഈ ഒറ്റമുറി വീട്ടിൽ ഞാൻ തനിച്ചാണ്.പക്ഷേ ലോകം വികസിച്ചതായി എനിക്ക് തോന്നി.ലാപ്ടോപ്പ് മിക്കപ്പോഴും തലയണകൂടിയായിമാറി.പകലുകൾ കരിഞ്ഞുണങ്ങി,എഫ്.ബിയ്ക്ക് പുറത്തുള്ള ലോകം മുൻപെന്നത്തേക്കാളും കൂടുതൽ വിരസവുമായി.
അങ്ങനെ വീണ്ടുമൊരു പകൽദിവസം ഞാൻ എഫ്.ബിപ്രഭാതകർമ്മവും കഴിഞ്ഞ് ബൈക്കിൽ ഓഫിസിലേക്ക് പായുകയായിരുന്നു.വേഗത ന്യൂജനറേഷന് എല്ലായ്പ്പോഴും എല്ലാ മേഘലയിലും രസകരമാണ്.ഒപ്പം അത് ആത്മവിശ്വാസവും നൽകുന്നതാണ്.പക്ഷേ വേഗതയുടെ ഇടവേളയിലെപ്പോഴോ ബ്രേക്ക് കുറവാണോ എന്ന സംശയം എന്നിൽ ജനിച്ചു.
ആ സംശയവും പതിവുപോലെ ഒരു എഫ്.ബി സുഹൃത്ത് നിവാരണം ചെയ്യുവാൻ പോകുകയായിരുന്നു.പക്ഷേ എഫ്.ബിയിലൂടെ അല്ല,
തൊട്ടടുത്ത നിമിഷം എന്നെ ബൈക്കോടുകൂടി ഇടിച്ച് തെറിപ്പിച്ച്,നീലജീൻസിനു മുകളിൽ മാസവും ചോരയും ചേർത്തരച്ച പാറ്റേണുകൾ നൽകിക്കൊണ്ടാണെന്നു മാത്രം.വേദന അഥിതിയായെത്തുന്ന നിമിഷങ്ങൾക്കു മുന്നുള്ള ഇടവേളയിൽ ഞാൻ തിരിച്ചറിഞ്ഞു, അത് ഞാൻ ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിൽപ്പെടുത്തിയിരിക്കുന്ന സുഹൃത്താണ്.ആ വണ്ടി അവൻ മിനിയാന്ന് വാങ്ങിയതാണ്. എഫ്ബിയിൽ പോസ്റ്റിട്ടിരുന്നു.
അവൻ വണ്ടി നിർത്തി ഓടിവരും,എന്നേ ആശുപത്രിയിലെത്തിക്കും.
പക്ഷേ നിഗമനങ്ങൾ കാറ്റിൽപ്പറത്തി അവൻ നിറുത്താതെ പോയി. പോകട്ടെ ഞാൻ കിടക്കുന്ന റോഡിനിരുവശവുമുള്ള കടയുടമകളും ഞാൻ സമ്പാദിച്ച വിലപ്പെട്ട സൗഹൃദവലയത്തിലുള്ളവരല്ലേ.
തൊട്ടടുത്ത നിമിഷം വേദനയെത്തി.എല്ലുകൾ ഞെരിഞ്ഞമർന്ന വേദനയുടെ പാരമ്യത്തിൽ ഞാൻ ബോധരഹിതനായി.ചുട്ടും നടക്കുന്നവർ,വാഹങ്ങളിലുള്ളവർ,കടയുടമകൾ, അവരിലാരെങ്കിലും എന്നെ എഫ്ബി സുഹൃത്തെന്ന നിലയിൽ രക്ഷിക്കുമെന്ന് വിശ്വസിച്ചൊകൊണ്ട് ഞാൻ കണ്ണുകൾ അടച്ചു.....


കണ്ണുതുറന്നപ്പോൾ ആശുപത്രിയിലാണെന്ന് ബോധ്യമായി.തൂവെള്ള തുണികളാൽ കാലുകൾ ആരോ മൂടിയിട്ടുണ്ട്. പിന്നെ കണ്ണുകൾ കാലിൽ നിന്നു പറിച്ച് ചുറ്റുമൊന്നോടിച്ചു.മരുന്നുകളുടെ രൂക്ഷഗന്ധങ്ങൾക്കിടയിൽ നിന്ന് ഒരു ഖാക്കികളർ വസ്ത്രധാരിയെ ഞാൻ തിരിച്ചറിഞ്ഞു.നേരിയ മീശയുള്ള അയാൾ എന്നോട് ചോദിച്ചു."എന്താരുന്നു സംഭവം".
അയാളുടെ ജിജ്ഞാസയെ അടക്കിനിർത്തുന്ന ഉത്ത്രങ്ങൾ പറയാൻ എനിക്കായില്ല.ഒടുവിൽ അയാൾ തൊപ്പി തലയിലെടുത്ത് വച്ച് നടക്കുന്നതിനിടയിൽ പറഞ്ഞു."ഞാൻമൊന്നൂടെ വരാം.പിന്നെയാട്ടെ, ങാ പിന്നെ ഇയാളാ നിങ്ങളെ ഇവിടെ എത്തിച്ചത്.അരമണിക്കൂറാ നിങ്ങൾ റോഡിൽ കിടന്നത്.ഒടുവിൽ ഈ മനുഷ്യനാ രക്ഷിച്ചത്."പോലിസുകന്രൻ പോയി.
ഞാൻ രക്ഷകനെ ചുറ്റും പരതി.പുറത്തെ വെളിച്ചം കണ്ണിലടിച്ച് അവ്യക്തമയ കാഴ്ചയ്ക്ക് മുന്നിൽ ഒരാൾ വന്നുനിന്നു.ഇളം നീലമിറമുള്ള കൈലിയുടുത്ത അയാളെ എനിക്ക് അടുത്ത് കാണാനായി.ഞാൻ അധികവും ടൗണിൽ കാണാറുള്ള ആളല്ല.അയാൾ കറപിടിച്ച പല്ലുകാട്ടി ചിരിച്ചു.നെഞ്ചിലെ ഭാഗികമായി നരച്ച രോമക്കാടു കാണുവിധം ഷർട്ടിലെ ബട്ടണുകൾ ചിലത് അഴിച്ചിട്ടിരുന്നു.
ആൾ മധ്യവയസ്കനാണ്.തീരെ പരിചയമില്ലാത്ത മുഖമാണ് ഇയാളുടേത് എന്ന് ഞാനോർക്കവെ അയാൾ പറഞ്ഞു."ഡോക്ടർമാർ ഇപ്പോ പോയിട്ടേയുള്ളു.കാലില് ഓപ്പറേശൻ വേണന്ന് പറഞ്ഞേ കേട്ടിനി. ഞാൻ ഇങ്ങളെ പേസിന്ന് വീട്ടിലില്ലോരെ അദ്ദരശ് നോക്കിനി.അവരിപ്പം എത്തുവാരിക്കും.ഞാൻ ഒന്നു പൊറത്ത് പോയിറ്റ് പിന്നെ വരാ ട്ടു വാ!"
അയാൾ പോകാൻ തയ്യാറെടുക്കവെ എന്നെ ഞെട്ടിച്ചുകൊണ്ട് കീശയിലെ മൊബൈൽ വൈബ്രേറ്റ് ചെയ്തു.ഞാൻ എടുത്തുനോക്കി.എഫ്.ബി മെസ്സേജ് ആണ്.എഫ്.ബി തുറന്ന ഞാൻ അത്ഭുതപ്പെട്ടു.ഒരു സുഹൃത്ത് എന്‍റെ ടൈംലൈനിൽ സ്റ്റാറ്റസ് ഇട്ടിരിക്കുന്നു.ഞാൻ അപകടത്തിലാണെന്ന്.അതിനു തൊട്ട് താഴെ എനിക്കായി പ്രാർഥിക്കാൻ ആഗ്രഹിക്കുവർ ലൈക്ക് അടിക്കാൻ നിർദ്ദേശിച്ചതിന് പ്രതികരണമായി
 1024 ലൈക്കുകൾ.574 കമൻഡുകൾ,39 ഷെയറുകൾ. ഞാൻ തരിച്ചുപോയി, ഈ ചുരുങ്ങിയ സമയം കൊണ്ട്!.ഞാൻ വീണ്ടും ഞെട്ടി. കാരണം എനിക്ക് സുഹ്രുത്തുക്കൾ ഷെയർ ചെയ്തിരിക്കുന്ന ഫോട്ടോ
ഞാൻ ആക്സിഡൻഡായി ഭോധമില്ലാതെ റോഡിൽ കിടക്കുന്നതാണ്.അത് ഞാൻ കിടന്ന റോഡരികിലെ കടയുടമ കൊടുത്തതാണ്.എന്നെ ഹോസ്പിറ്റലിൽ ആക്കിയതും ഹോസ്പിറ്റലിന്‍റെ പേരും മറ്റൊരാൾ ഇട്ടിരിക്കുന്നു.ഹോസ്പിറ്റലിന്‍റെ പേര് ലിങ്ക് ചെയ്ത് അതിന്‍റെ വെബ്സൈറ്റിലേക്ക് നയിച്ചിരിക്കുന്നു മറ്റൊരുത്തൻ.
ഇത്രയും വിവരങ്ങൾ എന്‍റെ അപകടത്തേക്കുറിച്ച് എന്‍റെ സുഹൃത്തുക്കൾക്കിടയിൽ പ്രചരിച്ചിട്ടും ആരും എന്നെക്കാണാൻ വരാത്തതിൽ എനിക്ക് കടുത്ത ദു:ഖവും ദേഷ്യവും തോന്നി.ആപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു ഇവരാരും ഇനിയെനിക്ക് സുഹൃത്തുക്കളായി വേണ്ട.എല്ലാവരേയു  അൺഫ്രന്‍റ് ചെയ്യണം. എന്നേ രക്ഷിച്ച ആ മധ്യവയസ്കൻ മാത്രം മതിയെനിക്ക് ഇനി സുഹൃത്ത്. അതിനെനിക്ക് അയാളുടെ പേരറിയില്ലല്ലോ.
ഞാൻ ഒരുവിധം എഴുന്നേറ്റിരുന്നു. അയാൾ നടന്നു വാതിലിനടുത്തെത്തിയിരുന്നു.ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു." അങ്കിൾ അങ്കിളിന്‍റെ ഫേസ്ബുക്ക് പ്രൊഫൈൽ നെയിം എന്താ?".
അയാൾ തിരിഞ്ഞുനോക്കി.പിന്നെ അയാളുടെ കറപിടിച്ച പല്ല്കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു."പേസ്പുക്കാ അതെന്നാന്ന്.എന്നാന്നെങ്കിലും ഞാനിപ്പ വരാ. ഒന്നു പീടിയോളം പോട്ട്" അയാൾ വീണ്ടും ചിരിച്ചു.ആ ചിരിയിൽ സ്നേഹമുണ്ടായിരുന്നു. അയാളുടെ മുഖം ഒരിക്കലും എന്‍റെ ഫ്രന്‍റ് ലിസ്റ്റിൽ വരില്ല.പക്ഷേ ആ കണ്ണുകളിലെ രക്തമയം മാത്രം മതിയായിരുന്നു അയാളെ എനിക്ക് എന്നെന്നും ഓർമ്മിക്കാൻ.
കുറച്ചുകഴിഞ്ഞ് ആശുപത്രിയിൽ ബന്ധുക്കളെത്തി.അതിൽ എന്‍റെ അമ്മാവന്‍റെ മകൾ എന്നോടു ചോദിച്ചു."നിന്‍റെ ഫേസ്ബുക്ക് നെയിം എന്താടാ?,ഞാൻ കഴിഞ്ഞമാസം ഒരു അക്കൗണ്ട് തുടങ്ങി"
ഞാൻ അവളോട് പറഞ്ഞു"ഞാൻ ഫേസ്ബുക്കിൽ ഇല്ല". അവൾ ആശ്ചര്യത്തോടെ എന്നേനോക്കി.പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു"നീയൊക്കെ എന്ത് ന്യൂജനറേഷനാടാ!,അയ്യേ കഷ്ഠം"....

ഞാൻ പുഞ്ചിരിച്ചു. ആ ചിരിയുടെ അന്തരാർഥം ഗ്രഹിക്കാതെ അവൾ അപ്പോഴേക്കും മൊബൈലിലെ ഫേസ്ബുക്കിലേക്ക് ഒരു മീനിനേപ്പോലെ ഊളിയിട്ടിറങ്ങിയിരുന്നു.

No comments :

Post a Comment

ഇല കൊഴിയുന്നു,തളിരിടുന്നു,മഞ്ഞുതിരുന്നു...
നാമെല്ലാം ഓരോ ഋതുഭേതങ്ങളിലൂടെ അലയുകയാണ്‌.......