Translate മൊഴിമാറ്റം

Wednesday, May 2, 2012

വീണ്ടുമൊരു കാത്തിരിപ്പ്‌...

ഒരു കവിതയെഴുതുവാന്‍ ഞാന്‍ ഏറെ ശ്രമിച്ചു.
 കുത്തിക്കുറിക്കലും ചുരുട്ടിക്കൂട്ടലും മാത്രമായിരുന്നു ഫലം.
 കണ്ണു ചുമന്ന,നെഞ്ചു കലങ്ങിയ ഒരു രാത്രിയില്‍ പൂനിലാവേറ്റ്‌
 രാത്രിമഴ നനഞ്ഞ്‌,നരിച്ചീറിന്‍റെ അപശബ്ദവും പിന്നിട്ട്‌
മനം മടുപ്പിക്കുന്ന ആലസ്യമായി അവള്‍ വന്നു.
വിയര്‍ത്തു കുതിര്‍ന്ന കൈയ്യിലെങ്ങും ഒരു തൂലിക തടയാതെ...
 അവളെ സ്വീകരിച്ചിരുത്താനൊരു കടലാസു കാണാതെ....
കലങ്ങിയ കണ്ണുമായി ഞാന്‍ നിന്നു.
ഒടുവിലെന്‍റെ  ഇടനെഞ്ചു ഞാന്‍ തുറന്നു,അവിടെയതു കോറി.
ഇറ്റു വീഴുന്ന രക്തത്തുള്ളികള്‍ കൊലുകൊലുന്നനെ ചിരിച്ചുവോ? പിറ്റേന്നു മുല്ല വള്ളിയോട്‌ കാറ്റു ചോദിച്ചു:"അവന്‍റെ കവിതയെവിടെ"? തുളസിയാണുത്തരം പറഞ്ഞത്‌:"അത്‌ എങ്ങോ പോയ്മറഞ്ഞു"!
ഒരു ഞെട്ടലോടെ ഞാന്‍ എന്‍റെ  ചങ്കു പരതി.
പിന്നെ വിറയാര്‍ന്ന ചുണ്ടും ഏറ്റു പറഞ്ഞു:"സത്യം"!
 കണ്ണൂ ചുമന്ന,നെഞ്ചു കലങ്ങിയ,നരിച്ചീറു കീറുന്നമറ്റൊരു രാത്രിയില്‍ പൂനിലാവില്‍ നോക്കി പേന വിതുമ്പി. "ഇന്നവള്‍ വരുമോ?"
 പേനയുടെ ഇടറിയ നാദം എന്നേത്തൊട്ടു.
"എനിക്കറിയില്ല" ഞാന്‍ തിരിഞ്ഞു കിടന്നു
പേന കൈയ്യിലമര്‍ത്തി,നനഞ്ഞ കണ്ണു തുടയ്ക്കാതെ.......