Translate മൊഴിമാറ്റം

Sunday, June 3, 2012

മാനവീകത.



ഫേസ്ബുക്കു താളു തുറന്നു നോക്കി ഞാന്‍.
ശ്രീനാഥിനിന്നു പതിനേഴു വയസ്സ്‌,
ആശംസ നേരണം,സന്തോഷമല്ലേ...
അനുവിന്‍റെ  പോസ്റ്റിലെന്‍ കുറ്റമാണ്‌
അവളെ എനിക്കൊന്നു ശകാരിക്കണം,ദേഷ്യമല്ലേ....
ജാബിറിന്‍റെ ഉമ്മ മരിച്ചു പോയി !.
അവനെ എനിക്കൊന്നു ആശ്വസിപ്പിക്കണം,ദു:ഖമല്ലേ.....
ഗൂഗിള്‍ തുറന്നു ഞാന്‍ ചടപടാ പരതി.
free Download Feelings.....
ഇമെയിലു ചെയ്യണം.....
ok... mail Sent...

ജാലകം.



ജനാലക്കപ്പുറം രാത്രി പെയ്യുന്നുണ്ട്‌,
ഉള്ളിലെന്‍ സ്വപ്നങ്ങള്‍ ചോര്‍ന്നൊലിക്കുമ്പോള്‍.
തെക്കുനിന്നെപ്പഴോ വന്നൊരു കാറ്റിനെന്‍
കണ്ണു നനയ്ക്കുന്ന ശോകമുണ്ട്‌.
 ജാലകച്ചില്ലിന്‍ പുറം നനഞ്ഞിപ്പഴും
കണ്ണീരു കിനിയുന്ന ഭാവമുണ്ട്‌.
ജനലഴി തേടുന്ന പേക്കിനാക്കള്‍ക്കിന്നു
കണ്ണിലേക്കിഴയുവാന്‍ മോഹമുണ്ട്‌.
ചോര വാര്‍ന്നിപ്പഴും നില്‍ക്കുന്ന ഗുല്‍മോഹര്‍
 കാറ്റിന്‍റെ  പാട്ടില്‍ ലയിച്ചിടുമ്പോള്‍,
ജാലകമാണിന്നു സാക്ഷിയെല്ലാത്തിനും
കണ്ണിനു ഭാവം പകര്‍ന്നു നല്‍കാന്‍.
ചിരിയുടെ നല്ല നിലാവു നല്‍കുന്നവള്‍,
 കണ്ണീരു രാതിക്കിനാവു നല്‍കുന്നവള്‍,
മുറ്റത്തു ചിതറിത്തെറിക്കുന്ന തുള്ളികള്‍
പാടുന്ന പാട്ടിനെ എന്നിലെത്തിക്കുവോള്‍.
ഉച്ചക്കിനാവിനെ അഴിയിലടയ്ക്കുവോള്‍,
രാതിക്കറുപ്പ്‌ കിടക്കയില്‍ വേറുവോള്‍.
ഗൌളിച്ചിലപ്പിനെ കാറ്റില്‍ പറത്തുവോള്‍
ജാലകമാണിന്നു സാക്ഷിയെല്ലാത്തിനും,
പുറംകാഴ്ച നല്‍കുന്ന രക്തക്കറുപ്പിലും.