Translate മൊഴിമാറ്റം

Saturday, April 28, 2012

ഞാനും പേനയും

                ഇത് എന്‍റെ ഒരു അനുഭവം ആണ്.ഞാന്‍ പേനയുടെ സഹായത്താല്‍ എറ്റുവാങ്ങിയ ചില അനുഭവങ്ങള്‍ ......
പ്ലസ് വണ്ണിലെ ഒരു ആദ്യകാല ക്ലാസ് ദിനം. പുതിയ കുട്ടികള്‍,പുതിയ സ്കൂള്‍,പുതിയ അധ്യാപകര്‍. എന്തോ ഒരു വിരസതയില്‍  മുഴുകിയിരിക്കവെയാണ്,മലയാളം മാഷ് ക്ലാസ്സില്‍ എത്തിയത്. നല്ല സുമുഖനായ ഒരാള്‍. 
എന്നെ പത്താം ക്ലാസ്സില്‍ പഠിപ്പിച്ച ഉണ്ണി മാഷിനെപ്പോലെ താടി ഇല്ല ,മാത്രവുമല്ല  ഉണ്ണി മാഷിന്‍റെ ശൈലിയുമല്ല, ഞാനോര്‍ത്തു. ക്ലാസ് എന്തുകൊണ്ടോ എനിക്ക് അത്ര പിടിച്ചില്ല .അത് മാഷിന്‍റെ കുറ്റമൊന്നുമല്ല എന്നതാണ് സത്യം. 
അങ്ങനെ ഇരിക്കവെയാണ് മാഷ്‌ ഒരു കുട്ടിയെക്കൊണ്ട് പാഠം വായിപ്പിക്കുന്നത്. എനിക്ക് സമീപമിരിക്കുന്ന ചിലരൊക്കെ ഞെരങ്ങാന്‍ തുടങ്ങി.എനിക്ക് ഏതായാലും ഉറക്കം വന്നില്ല.ആയതിനാല്‍ ഞാന്‍ ഒരു പേനയെടുത്ത് യാന്ത്രികമായി ടെക്സ്റ്റ് ബുക്കിന്‍റെ വശത്ത് ഒരു സുമുഖനെ വരച്ച് രൂപപ്പെടുത്തുകയായിരുന്നു. 
                ക്ലാസ്സില്‍ മറ്റു ശബ്ദം ഒന്നും തന്നെയില്ല.പുസ്തക വായനക്കാരി തന്‍റെ കര്‍ത്തവ്യം ഉറക്കെ നിര്‍വ്വഹിക്കുന്നത് ഒഴിച്ചാല്‍ ശാന്തമായ അന്തരീക്ഷം. 
ഞാന്‍ ചിത്രകല തുടര്‍ന്നു. മാഷ്‌  സത്യത്തില്‍ പുറകില്‍ നില്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു വലിയ ഒച്ച നിശബ്ദത വലിച്ചു കീറി.   
                ഞാനടക്കം എല്ലാവരും പിന്നോട്ട് തിരിഞ്ഞു നോക്കി.പിറകിലെ കുട്ടികള്‍ എന്നെ നോക്കി ചിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ പുറത്തിനൊരു വേദന. അപ്പോള്‍ മാത്രമാണ് ഞാന്‍ ആര്‍ഭാട പൂര്‍വ്വം ഏറ്റു വാങ്ങിയ അടി എന്‍റെ ബോധതലത്തില്‍ മൂളിപ്പറന്നത്. പിന്നെ മനസ്സാണ് വേദനിച്ചത്. ഒരായിരം വട്ടം ഞാന്‍ ആ പേനയെ ശപിച്ചു.പേന കൈയ്യിലുണ്ടെങ്കില്‍ ഞാന്‍ എന്തെങ്കിലുമൊക്കെ വരച്ചും കുറിച്ചും ഇരിക്കും. അതാണ്‌ വിനയായത്.ഞാന്‍ അങ്ങനെ ഇളിഭ്യനായി നില്‍ക്കവേ മാഷ്‌ പറഞ്ഞു; "നിന്നെക്കാള്‍ ഭയങ്കരന്മാരെ ഞാന്‍ കണ്ടതാണ്. വേല ഇവിടെ വേണ്ട."
സത്യത്തില്‍ ഞാന്‍ വേലയിറക്കിയതല്ല.പക്ഷെ അത് കുഴപ്പമായി.മാഷ്‌ തുടര്‍ന്നു;"നിനക്ക് ഇതെന്താന്നറിയുവാ ?". തറയിലേക്ക് വിരല്‍ ചൂണ്ടി മാഷ്‌ ചോദിച്ചു.ഞാന്‍ സംശയിച്ചു നില്‍ക്കെ അടുത്തിരുന്ന ചോരകുടിയന്‍ "തറ" എന്നാക്രോശിച്ചു. 
"ങാ അതിലും തറയാകും ഞാന്‍" മാഷ്‌ പറഞ്ഞു.
നിന്നെക്കൊണ്ടു ബോര്‍ഡില്‍ ഇതുപോലത്തെ അഞ്ഞൂറ് ചിത്രം വരപ്പിക്കട്ടെ ,എന്നാ മാഷിന്‍റെ ചോദ്യത്തിനു മുന്‍പില്‍ ഞാന്‍ ചമ്മി നിന്നു.ഈ സമയമത്രയും  ഞാന്‍ എന്‍റെ പേനയെ കൈയ്യിലിട്ട് ഞെരിച്ചു.
               അങ്ങനെ ആ ദിനം കടന്നുപോയി. ഒരുപാട്  വായനയും, ചെറുപ്പത്തിലെ മലയാളത്തിനോടുള്ള കമ്പവും വച്ചു ഞാന്‍ പിന്നീട് വന്ന  മലയാളം പീരിഡുകളില്‍ കസറി. ഒന്ന് തൊട്ടേ എനിക്ക് ഭാഷാ വിഷയം [ഹിന്ദിയൊഴിച്ച് ] ഇഷ്ടമായിരുന്നു. 
അങ്ങനെ ഞാന്‍ മാഷിനും കുട്ടികള്‍ക്കും മുന്നില്‍ മാന്യനായ കുട്ടിയായി. പിന്നീടും പലതവണ എന്‍റെ കുത്തിക്കുറിക്കലുകള്‍ മാഷ് കണ്ടിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല. മാഷിനെ അതിനാല്‍ എനിക്കും വലിയ കാര്യമായി. ഇന്ന് ആ മാഷല്ല എന്നെ മലയാളം പഠിപ്പിക്കുന്നത്. എന്നാലും ആദ്യ ദിനം കിട്ടിയ ആ അടിയും പിന്നീടുള്ള എന്‍റെ ദിനങ്ങളും ഒക്കെ മധുരമുള്ള ഓര്‍മ്മയായി നിലനില്‍ക്കുന്നു.

വീണ്ടും ഒരു പേനാക്കഥ.....  

ഞാന്‍ ആറാം ക്ലാസ് -പത്താം  ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്‍റെ ഉറ്റ മിത്രം അമല്‍ ആയിരുന്നു.അവനാണ് അന്ന് ക്ലാസ്സിലെ  വലിയ രസച്ചരട്. അവനും എനിക്കും പൊതുവായുള്ള ഒരു സ്വഭാവവും ഉണ്ട്.അത് പേനയുടെ ടോപ്പ് നഷ്ടപ്പെടുത്തലാകുന്നു. അന്ന് ഞങ്ങള്‍ ഒരു പേനയും ടോപ്പോടു കൂടി ഞങ്ങളുടെ കൈയ്യില്‍ കണ്ടിട്ടില്ല. അത് ഒന്നോ രണ്ടോ ദിനം കൊണ്ടു കളയും. അതിനാല്‍ ആ ബോധ്യമുള്ളതിനാല്‍ അമല്‍ അവന്‍റെ പേനയുടെ ടോപ്പ്, പേന വാങ്ങി വരുന്ന വഴി ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് കൊടുക്കും. എന്തൊരു സ്വയം ബോധം  .  !

മറ്റൊരു പരിപാടി കൂട്ടുകാരുടെ പേനയുടെ ടോപ്പ് എടുത്ത്  മാറ്റി വയ്ക്കലും, കടിച്ച്  ചമ്മന്തിപ്പരുവമാക്കലുമാകുന്നു.. ... അത് താന്‍ പേനയുടെ ടോപ്പ് ഉപയോഗിക്കാത്തപ്പോള്‍ ആരും ഉപയോഗിക്കേണ്ട എന്ന സമത്വബോധമാണെന്നു നമുക്ക് കരുതാം. അവനിന്നും എന്‍റെ വീടിനടുത്തുള്ള ഒരു സ്കൂളില്‍ വട്ടം കറങ്ങി നടപ്പാണ്. 

അങ്ങനെ ചില കുസൃതിക്കൂട്ടുകാരും , ഓര്‍മ്മകളുമൊക്കെയായി ഞാനും നടക്കുന്നു.... 

 

                     
 

Friday, April 27, 2012

യയാതി

 ഞാന്‍ വായിച്ച ചില നല്ല പുസ്തകങ്ങളില്‍ പേരെടുത്തു പറയാവുന്ന ഒന്നാണ് യയാതി.
പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന രാജാവും നഹൂഷന്  അശോകസുന്ദരിയിൽ ജനിച്ച പുത്രനുമാണ് യയാതി. യദുവിൻറേയും പുരുവിൻറേയും പിതാവ്. വേദപണ്ഡിതനായിരുന്ന യയാതിക്ക് ദേവയാനി, ശർമിഷ്ഠ എന്നീ രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു. അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യരുടെ  മകളായിരുന്നു ദേവയാനി. അസുരരാജാവായ വൃഷപർ‌വ്വന്റെ മകളായിരുന്നു ശർമിഷ്ഠ.  ദേവയാനിയുടെ തോഴിയായിരുന്നു ശരമിഷ്ട 
യയാതിക്ക് ദേവയാനിയിൽ ഉണ്ടായ മക്കളാണ് യദു, തുർ‌വ്വാസു എന്നിവർ.
യയാതിക്ക് ശർമിഷ്ഠയിൽ ഉണ്ടായ മക്കളാണ് ദൃഹ്യു, അനു, പുരു എന്നിവർ.
ശർമിഷ്ഠയെ യയാതി വിവാഹം കഴിച്ചത് ദേവയാനി അറിയാതെ രഹസ്യമായി ആയിരുന്നു. ഇത് കണ്ടുപിടിച്ചപ്പോൾ ശുക്രാചാര്യർ ക്രുദ്ധനായി യയാതിയെ ശപിച്ചു. യയാതിയുടെ യൗവനം നഷ്ടപ്പെടട്ടെ എന്നായിരുന്നു ശാപം. പിന്നീട് ആരെങ്കിലും അവരുടെ യൗവനം യയാതിയുമായി വെച്ചുമാറുവാൻ തയ്യാറാവുകയാണെങ്കിൽ യയാതിക്ക് തന്റെ യവനം തിരികെ ലഭിക്കും എന്നും ശുക്രാചാര്യർ അറിയിച്ചു. യയാതി മക്കളെ ഓരോരുത്തരെയായി വിളിച്ച് അവരുടെ യൗവനം നൽകുവാൻ ആവശ്യപ്പെട്ടു. പുരു മാത്രമേ ഇതിനു തയ്യാറായുള്ളൂ. പുരുവിന്റെ യൗവനം യയാതിക്ക് ലഭിച്ചു. യയാതിയുടെ കാലശേഷം പുരു രാജ്യം ഭരിച്ചു.

ഒരു ആശയത്തെ വ്യത്യസ്തമായി നോക്കിക്കാണുന്നു, അതാണ്‌ ഈ നോവലിന്റെ പ്രത്യേകത. 

സ്മാരകശിലകളും, ഖാസാക്കിന്‍റെ ഇതിഹാസവും

ഇയിടെ  ഞാന്‍  പുനത്തിലിന്‍റെ  സ്മാരകശിലകളും, ഓ.വി.വിജയന്‍റെ  ഖാസാക്കിന്‍റെ ഇതിഹാസവും വായിക്കയുണ്ടായി.
ഒരു നോവല്‍ തികച്ചും മറ്റൊന്നില്‍ നിന്ന് വ്യത്യസ്തത  പുലര്ത്തുന്നെങ്കിലും ഇവയില്‍ പൊതുവായി ചില താരതമ്യ പഠനത്തിനുള്ള സാധ്യതകള്‍ കാണാനാകും. 
രണ്ടും തന്നെ മുസ്ലീം പശ്ചാത്തലത്തിനു കൂടുതല്‍ പ്രാമുഖ്യത നല്‍കുന്നു.കഥ മുന്നേറുമ്പോള്‍ ചില സ്കൂളിന്‍റെ ചിത്രവും ഒത്തുവരുന്നു.കാലയവനികകള്‍ക്കുള്ളില്‍ മൂടിപ്പോയ ഒരു തറവാടി കഥയാണ് പുനത്തിലിന് പറയാനുള്ളതെങ്കില്‍ ഒരു കാലഘട്ടത്തിന്‍റെ  സംഘര്‍ഷങ്ങളും ആകുലതകളും ഏറ്റെടുക്കുന്ന  രവി എന്ന ഏകാധ്യാപക വിദ്യാലയ നടത്തിപ്പുകാരനെയാണ് വിജയന്‍ പരിചയപ്പെടുന്നത്. എങ്കിലും ചില പൊതു സ്വഭാവമുള്ള അനേകം  കഥ പാത്രങ്ങളെ അവിടവിടെ മങ്ങിയും  ഒളിച്ചും കാണാവുന്നതാണ്.

          ഒരു സാധാരണ ജീവിതത്തിലോ അതിനെ ചുറ്റിപ്പറ്റി ഉണ്ടാകാന്‍ ഇടയുള്ള അനേകം സാധ്യതകളിലോ  ആണ്  ഇവിടെ ഇരു കഥാ കൃത്തുകളും കഥാ ബീജം പൊലിപ്പിക്കുന്നത്. തങ്ങളുടെ സര്‍ഗ്ഗശേഷി അത്രത്തോളം വളര്‍ന്നു  എന്ന് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് ഈ നോവലിലൂടെ  കഴിഞ്ഞു.

അനേകം മാനവ  പുഴുക്കള്‍ .അവരിലെ പ്രതാപം,ചൂടന്‍ കിനാക്കള്‍, തളരുകയും വളരുകയും ചെയ്യുന്ന നാടുവഴിത്തത്തിന്‍റെ  ഭിന്ന മുഖങ്ങള്‍,ഒരു മനസ്സില്‍ തന്നെ നന്മയും തിന്മയും പേറുന്നവര്‍, എന്നിങ്ങനെ കഥയുടെ മാറ്റ് കൂട്ടുന്ന കാക്കത്തൊള്ളായിരം കഥാപാത്രങ്ങളും അവരെ ഏറ്റു വാങ്ങുന്ന വായനക്കാരും ഖാസാക്കിന്‍റെ  ചൂരടിച്ച് , സ്മാരകശിലയുടെ ചാരെ ചന്ദനത്തിരിയുടെ ഗന്ധം നുകര്‍ന്ന് ഇന്നും നില്‍ക്കുന്നു.

     നല്ല വായനാനുഭവം കൊതിക്കുന്ന ആര്‍ക്കും കണ്ണും പൂട്ടി തിരഞ്ഞടുക്കാവുന്ന മികച്ച രണ്ടു മലയാള നോവലുകളാണ് ഇവ. എന്നെ സംബന്ധിച്ചിടത്തോളം  ഇതില്‍ പുനത്തില്‍ മാത്രമാണ്  അല്‍പ്പമെങ്കിലും ഭാവന ലോകത്ത് കടക്കുന്നത് എന്നാല്‍ അത് തികച്ചും അനുയോജ്യവും ആണ്.

മറുപുറം

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ലോകത്തിലെ മഹാന്മാരായ ശാസ്ത്രജ്ഞന്മാരില്‍ ഒരാളായിരിക്കാം. ലോകത്തിലെ വൃത്തികെട്ട ഭര്‍ത്താക്കന്മാരുടെ കൂട്ടത്തിലും ഐന്‍സ്റ്റീന്‍ ഉണ്ടെന്ന് കേള്‍ക്കുമ്പോഴോ. ശാസ്ത്രത്തിന്റെ ഉന്നതവഴികള്‍ കീഴടക്കിയ ആപേക്ഷികതസിദ്ധാന്തം പോലുള്ള മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടത്തിയ ഐന്‍സ്റ്റീന്‍ എന്ന ബുദ്ധിരാക്ഷസന്‍ കുടംബജീവിതത്തില്‍ ഒരു ഭാര്യവിരോധിയായ രാക്ഷസന്‍ ആയിരുന്നെന്ന് ഈയിടെ പുറത്തിറങ്ങിയ ഐന്‍സ്റ്റിന്‍ : ഹിസ് ലൈഫ് ആന്റ് യൂണിവേഴ്‌സ് എന്ന പുസ്തകം പറയുന്നു. വാള്‍ട്ടര്‍ ഐസാക്‌സന്‍ ആണ് പുസ്തകം രചിച്ചിരിക്കുന്നത്.
 

പുതിയ ശാസ്ത്രവും പഴയ ഡാവിഞ്ചിയും.

                   ചിലരങ്ങനെയാണ്. ലോകത്തിന്റെ കാപട്യം നിറഞ്ഞ ശാശ്ത്ര ലോകത്തിനു മുന്നിലായി നടന്നു നീങ്ങും .
ലോകപ്രശസ്ത ചിത്രകാരന്‍ ഡാവിഞ്ചി കേവലം ചിത്രകാരന്‍ മാത്രമല്ല എന്ന സത്യം ലോകം അറിഞ്ഞത് ഈയറ്റുത്ത നാളുകളില്‍ ആണ്. എന്നാല്‍ അവ ലോകത്തിന്റെ മുന്നില്‍ ഡാവിഞ്ചി സ്വയം പ്രസിദ്ധമാകാത്തത് എന്തുകൊണ്ടാണ്. അത് ഇന്നത്തെ ശാത്രത്തിനു മുന്നില്‍ ചിന്താപ്രാപ്തമായ ചോദ്യമായി അവശേഷിക്കുന്നു.
                  
                    മോണാലിസയും ലാസ്റ്റ് സപ്പറും വരച്ച പ്രശസ്ത ചിത്രകാരന്‍ ലിയനാഡോ ഡാവിഞ്ചിയെ മാത്രമേ ഭൂരിപക്ഷത്തിനും അറിയൂ. ചിത്രരചനയ്ക്കുവേണ്ടി മനുഷ്യ ശരീരത്തിന്റെ അനാട്ടമി പഠിക്കാന്‍ ഡസന്‍ കണക്കിനു ശവങ്ങള്‍ കീറിമുറിച്ച് സ്‌കെച്ചുകള്‍ വരച്ചുണ്ടാക്കിയ ശാസ്ത്രജ്ഞനായ ഡാവിഞ്ചിയെ പലര്‍ക്കും അറിയില്ല. ഔപചാരികമായ ശാസ്ത്രപഠനം ഒട്ടുമില്ലാത്ത ലിയനാഡോ അഞ്ചു നൂറ്റാണ്ടുകള്‍ മുമ്പ് വരച്ചുണ്ടാക്കിയ ചിത്രങ്ങള്‍ എത്രയോ കാലം അപ്രകാശിതമായി കിടക്കുകയായിരുന്നു. അന്നുതന്നെ അവ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നെങ്കില്‍ യൂറോപ്പിലെ ശാസ്ത്രം പിന്നെയും നൂറ്റാണ്ടുകള്‍ തുടര്‍ന്ന അജ്ഞതയില്‍ നിന്ന് അന്നേ കരകയറുമായിരുന്നുവെന്ന് പിന്നീട് ശാസ്ത്രജ്ഞന്മാര്‍ തന്നെ സമ്മതിച്ചു.

ഇവിടെയാണ് ആധുനീക  ശാസ്ത്രം മിഴിച്ചു നില്‍ക്കേണ്ടിവരുന്നത്‌. പലതും കാല യവനികയ്ക്കുള്ളില്‍ ഒളിച്ച്ചിരിക്കേണ്ടവയും പിന്നെ പൂര്‍വ്വാധികം ശക്തിയോടെ  രംഗപ്രവേശനം  ചെയ്യേണ്ടതുമാകുന്നു .