Translate മൊഴിമാറ്റം

Friday, May 4, 2012

പഴയ നിറങ്ങള്‍

നിലാവിന്‍ വെളുപ്പെനിക്കെന്നു ഞാന്‍.
അല്ല- കടലിന്‍ നീലിമയെന്നവള്‍.
ഞാന്‍ തകര്‍ത്ത കളര്‍ പെന്‍സിലുകാരന്‍
കരിയുടെ കറുപ്പാണെനിക്കെന്നു ചൊല്ലി.

തണുത്ത പുലരിയില്‍ നരച്ച താടി തടവി
അകലുന്ന കര്‍ങ്കാക്കകളെ കണി കണ്ടുണരവെ
ഞാന്‍ ഓര്‍ത്തതത്രയും പഴയ നിറങ്ങളാണ്‌.
അവര്‍ തന്ന വര്‍ണ്ണങ്ങളത്രയുമാണ്‌.......

പഴയ കറുപ്പും,നീലയും,വെളുപ്പും
എന്നില്‍ നീറിപ്പുകയവെ, അന്തിക്കാറ്റു പറഞ്ഞു:
"നീയെന്നും സായംസന്ധ്യയുടെ ചുമപ്പാണ്‌.
" മരണത്തിനായി നീക്കിയ നിറം തിരഞ്ഞുകൊണ്ട്‌
കളര്‍ കോപ്പകളിലൂടെ ഞാന്‍ ഇത്രനാള്‍ അലഞ്ഞു.

      ചിരിക്കാനറിയാത്ത ക്യാന്‍വാസില്‍
        നിറയെ പടര്‍ന്നു തുടങ്ങിയ നിറങ്ങളെ നോക്കി
നീറുന്ന നെഞ്ചില്‍ ചായം മുക്കി അന്നു-
അന്നൊരിക്കല്‍ ഞാന്‍ വരച്ച ചിത്രമാണത്‌.
അസ്തമയ സൂര്യന്‍റെ ചിത്രം.അതൊന്നു മാത്രം...

മരണക്കിടക്കയില്‍ക്കിടന്നു നരച്ച കണ്ണുകള്‍
പാതി മാത്രം മേല്‍പ്പോട്ടുയര്‍ത്തവേ-
കറുപ്പും,നീലയും,ചുമപ്പും മാത്രമായിരുന്നു ചുറ്റും.
അവര്‍ മാത്രമായിരുന്നു എനിക്കു ചുറ്റും.............

No comments :

Post a Comment

ഇല കൊഴിയുന്നു,തളിരിടുന്നു,മഞ്ഞുതിരുന്നു...
നാമെല്ലാം ഓരോ ഋതുഭേതങ്ങളിലൂടെ അലയുകയാണ്‌.......