Translate മൊഴിമാറ്റം

Thursday, July 12, 2012

ബ്ലോഗ്‌.



ഒരു ദിവസം നടക്കാനിറങ്ങിയതാണ്‌,
 കമ്യൂണിസ്റ്റ്‌ പച്ചയുടെ തിക്കും തിരക്കും കടന്ന്,
പ്ലാസ്റ്റിക്കു പുഴുക്കളുടെ കടിയുമേറ്റ്‌
മൈതാനത്തിലെത്തിയപ്പോള്‍ കളി കഴിഞ്ഞിരുന്നു.
പക്ഷേ റഫറിയില്ലാത്ത കളി ബാക്കിയാണ്‌-
ഒരുവന്‍ ഒരുവളെ ആലിംഗനം ചെയ്ത്‌ ചുംബിക്കുന്നു. "ങുഹും..ഖൊ..ഖൊ... ഞാന്‍ മുരടനക്കി "ആരാ?"
പെട്ടെന്ന് ഇരുവരും ഞെട്ടി അകന്നു മാറി.
 "ഞാന്‍ കവി" അവന്‍ വിറച്ചുകൊണ്ട്‌ പറഞ്ഞു.
 "ഞാന്‍ കവിത" അവള്‍ കരഞ്ഞു തുടങ്ങി....
"ആരോടും പറയരുത്‌,വീട്ടിലറിഞ്ഞാല്‍ കൊല്ലും"
"ഞങ്ങള്‍ക്കൊന്നിച്ച്‌ ജീവിക്കണം "കവി കരഞ്ഞു.
 "എനിക്കു കവിയെ മതി"അവളും കണ്ണു നിറച്ചു. "കൂടെപ്പോന്നോളൂ ,ആരും ഒന്നുമാക്കില്ല!"
ഞാന്‍ കടുപ്പിച്ചു പറഞ്ഞുകൊണ്ട്‌ നടന്നു.
രണ്ടാളും കൂടെ വന്നു, നടത്തം പാതിവഴിയില്‍....
അത്‌ ഇന്നലത്തെക്കാര്യം,

ഇന്നവന്‍ വലിയ ചുംബനക്കാരനാണ്‌.
അവന്‍ ചുംബിച്ച കവിതക്കുഞ്ഞുങ്ങളേക്കാത്ത്‌,
പുസ്തകപ്പൂവാലന്‍മാര്‍ ബസ്റ്റോപ്പില്‍ നിരന്നു....
അതുവഴി പോകുന്നു എന്നെയവര്‍ പരിഹസിച്ചു.
 സാരമില്ല,പുതിയ ചുംബിതാക്കള്‍ തെരുമൂലയില്
‍ശാപം കാത്ത്‌ കിടപ്പുണ്ട്‌....എന്നേയും നോക്കി...
 "നാളേയും ദൂരേക്ക്‌ നടക്കാന്‍ പോകണം"-
ഞാന്‍ കീബോര്‍ഡില്‍ ടൈപ്പു ചെയ്തു വച്ചു.

No comments :

Post a Comment

ഇല കൊഴിയുന്നു,തളിരിടുന്നു,മഞ്ഞുതിരുന്നു...
നാമെല്ലാം ഓരോ ഋതുഭേതങ്ങളിലൂടെ അലയുകയാണ്‌.......